യൂറോപ്യൻ യൂണിയനുമായി വ്യാപാര കരാർ പൂർണതയിലേക്ക്, ഒമാനുമായി ചർച്ച തുടരുന്നു

ന്യൂഡല്‍ഹി: യുഎസുമായുള്ള വ്യാപാര കരാര്‍ വഴിമുട്ടിനിൽക്കെ ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്. വ്യാപാരക്കരാറുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളില്‍ ഇരുഭാഗത്തുനിന്നുമുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞെന്നാണ് റിപ്പോർട്ട്. ഇനി മന്ത്രിതല ചര്‍ച്ചകള്‍ക്ക് ശേഷം കരാര്‍ ഒപ്പിടുന്നതിലേക്ക് എത്തുമെന്നാണ് വിവരങ്ങള്‍. ഈ വര്‍ഷം ഡിസംബറോടെ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത്.
നിലവില്‍ ഇരുഭാഗത്തുനിന്നുമുള്ള പ്രതിനിധികള്‍ 12 വട്ടത്തോളം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ വിഷയങ്ങളിലാണ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നത്. കൃഷി, ക്ഷീരമേഖലകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി തുറന്നുനല്‍കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ യാഥാര്‍ഥ്യമായാല്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ വിപണികള്‍ ഇന്ത്യയ്ക്ക് തുറന്നുകിട്ടും.
നേരത്തെ യൂറോപ്പിലെ പ്രധാന രാജ്യമായ യുകെയുമായുള്ള വ്യാപാര കരാര്‍ ഒപ്പുവെച്ചിരുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ യാഥാര്‍ഥ്യമായാല്‍ യൂറോപ്പിലെ വിശാലമായ വിപണി ഏതാണ്ട് പൂര്‍ണമായും ഇന്ത്യയ്ക്ക് തുറന്നുകിട്ടും. ഇന്ത്യയില്‍നിന്നുള്ള മരുന്നുകള്‍, ടെക്‌സ്റ്റൈല്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് പുതിയ വിപണി തുറന്നുകിട്ടും. ഇതിന് പുറമെ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിക്കും. സാങ്കേതികവിദ്യ കൈമാറ്റങ്ങള്‍ എളുപ്പമാകും. ഇതിലൂടെ ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കാണ് വഴിതുറക്കുക.
യൂറോപ്യന്‍ യൂണിയന് പുറമെ ഗള്‍ഫ് രാജ്യമായ ഒമാനുമായും വ്യാപാര ചര്‍ച്ചകള്‍ നടന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. ഇനി അനുയോജ്യമായ സമയത്ത് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ കരാര്‍ ഒപ്പിടുമെന്നാണ് വിവരം. ഒമാനെ കൂടാതെ ന്യൂസീലാന്‍ഡുമായും ചര്‍ച്ച പുരോഗമിക്കുകയാണ്. ഇതിന് പുറമെ ആസിയാന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിലെ ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
Content Highlights: India-EU Free Trade Deal Nears Completion