ഇത് വോട്ടുബാങ്ക് രാഷ്ട്രീയം; ജസ്റ്റിന് ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി:ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ച കേന്ദ്രവിദേശകാര്യ മന്ത്രാലയം ട്രൂഡോ സര്‍ക്കാരിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും ആരോപിച്ചു. അന്വേഷണത്തിന്റെ പേരില്‍ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യ കാനഡ ബന്ധം വഷളാകുന്ന തരത്തിലേക്കാണ് സാഹചര്യം പോകുന്നത്.
ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കാനഡയിലെ ഹൈക്കമ്മിഷണറായ സഞ്ജയ് വര്‍മ്മ അന്വേഷണത്തിന്റെ പരിധിയിലാണെന്ന് കാനഡ അറിയിച്ചിരുന്നു. ഈ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ഈ വാര്‍ത്താക്കുറിപ്പിലാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ചിട്ടുള്ളത്. ട്രൂഡോയുടേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും അജണ്ട വെച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേസമയം ഡല്‍ഹിയിലുള്ള കനേഡിയന്‍ ഹൈക്കമ്മിഷണറുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നുള്ള മുന്നറിയിപ്പും ഇന്ത്യ നല്കി. കാനഡ ഏതെങ്കിലും തരത്തിലുള്ള നടപടിയുമായി മുന്നോട്ടുപോയാല്‍ ഇന്ത്യയും സമാനമായ രീതിയില്‍ തിരിച്ചടിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിജ്ജറിന്റെ കൊലപാതകത്തില്‍ നേരത്തേ തന്നെ ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളലുകളുണ്ടായിരുന്നു.
2023 ജൂൺ 18-ന് ആയിരുന്നു ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കാനഡയിൽ വെടിയേറ്റ് മരിക്കുന്നത്. ബെെക്കിലെത്തിയ അജ്ഞാതർ ഇയാളെ വെടിവെച്ച് വീഴ്ത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. പഞ്ചാബിൽ പുരോഹിതനെ കൊലപ്പെടുത്തിയതുൾപ്പടെ നിരവധി കേസുകൾ ഇയാൾക്കെതിരെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു.
ദേശവിരുദ്ധപ്രവർത്തനത്തിന് എൻ.ഐ.എ. ഇയാൾക്കെതിരെ കുറ്റപത്രവും നൽകിയിരുന്നു. 1985-ൽ എയർ ഇന്ത്യ വിമാനത്തിൽ ബോംബു വെച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട റിപുദമാൻ സിങ് മാലികിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. 2022-ൽ നിജ്ജറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്തു ലക്ഷം രൂപയാണ് എൻ.ഐ.എ. പാരിതോഷികം പ്രഖ്യാപിച്ചത്.
Content Highlights: india criticises canada prime minister justin trudeau