'ഒരു രാജ്യത്തിന് പറക്കുന്ന F35 ഉണ്ട്, ഇന്ത്യന്‍ നാവികസേനയാകട്ടെ ഒഴുകുന്ന F35 നിര്‍മിച്ചിരിക്കുന്നു'

ന്യൂഡല്‍ഹി: ചൊവ്വാഴ്ച കമ്മിഷന്‍ ചെയ്ത പുതിയ രണ്ട് മള്‍ട്ടി മിഷന്‍ സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍ (യുദ്ധക്കപ്പലുകള്‍) സൈനികക്കരുത്തിന് മുതല്‍ക്കൂട്ടാക്കിയ നാവികസേനയെ അഭിനന്ദിച്ച് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്. നാവികസേനയ്ക്ക് വേണ്ടി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഐഎന്‍എസ് ഉദയഗിരിയും ഐഎന്‍എസ് ഹിമഗിരിയും ചൊവ്വാഴ്ച കമ്മിഷന്‍ ചെയ്ത് സംസാരിക്കവെയാണ് രാജ്നാഥ് സിങ് നാവികസേനയെ അഭിനന്ദിച്ചത്. ഒരു രാജ്യത്തിന് പറക്കുന്ന എഫ് 35 ഉണ്ടെന്നും അതേസമയം ഇന്ത്യന്‍ നാവികസേന ഒഴുകുന്ന എഫ് 35 നിര്‍മിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റെല്‍ത്ത്, സ്പീഡ് എന്നിവയ്ക്ക് കീര്‍ത്തികേട്ട യുഎസ് യുദ്ധവിമാനമായ എഫ് 35 നെ സൂചിപ്പിച്ചായിരുന്നു രാജ്നാഥ് സിങ്ങിന്റെ അഭിനന്ദനം. ഐഎന്‍എസ് ഹിമഗിരിയിലും ഐഎന്‍എസ് ഉദയഗിരിയിലും സജ്ജമായിരിക്കുന്ന ആയുധങ്ങളും സെന്‍സര്‍ പാക്കേജുകളും ഇന്ത്യയുടെ സമുദ്രമേഖലയ്ക്ക് മികവാര്‍ന്ന സംരക്ഷണം ഒരുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
'ഈ യുദ്ധക്കപ്പലുകള്‍ പൂര്‍ണ്ണമായും ഇന്ത്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവയുടെ ആയുധങ്ങളും സെന്‍സര്‍ പാക്കേജുകളും അവയെ നമ്മുടെ സമുദ്രമേഖലയിലെ അജയ്യരായ കാവല്‍ക്കാരാക്കി മാറ്റുന്നു. നിരവധി നൂതന സംവിധാനങ്ങള്‍ ഈ യുദ്ധക്കപ്പലുകളില്‍ സംയോജിപ്പിച്ചിട്ടുണ്ട്. ദീര്‍ഘദൂര ആക്രമണത്തിനുള്ള ആയുധങ്ങള്‍, സൂപ്പര്‍സോണിക് സര്‍ഫേസ്-ടു-സര്‍ഫേസ് മിസൈലുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ടോര്‍പ്പിഡോ ലോഞ്ചറുകള്‍, കോംബാറ്റ് മാനേജ്‌മെന്റ് സിസ്റ്റങ്ങള്‍, ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റങ്ങള്‍ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ഇവയെല്ലാം അത്യാധുനികവും അവിഭാജ്യവുമായ സാങ്കേതികവിദ്യകളാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രോജക്ട് 17എ സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകളിലെ രണ്ടാമത്തെ കപ്പലാണ് ഉദയഗിരി, മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡ് (എംഡിഎല്‍) ആണ് ഈ കപ്പല്‍ നിര്‍മ്മിച്ചത്. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ് (ജിആര്‍എസ്ഇ) നിര്‍മ്മിക്കുന്ന പി17എ കപ്പലുകളില്‍ ആദ്യത്തേതാണ് ഹിമഗിരി. ഡീകമ്മിഷന്‍ ചെയ്യപ്പെട്ടതും 30 കൊല്ലത്തിലേറെ സേവനത്തിലുണ്ടായിരുന്നതുമായ ഐഎന്‍എസ് ഉദയഗിരി (എഫ്35), ഐഎന്‍എസ് ഹിമഗിരി (എഫ്34) എന്നിവയുടെ പേരുകളാണ് രണ്ട് ഫ്രിഗേറ്റുകള്‍ക്കും നല്‍കിയിരിക്കുന്നത്.
ഐഎന്‍എസ് ഉദയഗിരിയും ഐഎന്‍എസ് ഹിമഗിരിയും
ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേന്റതിന്റെയും ആയുധങ്ങളുടെ ആധുനിക ശേഖരം വികസിപ്പിക്കേണ്ടതിന്റെയും സേനയെ ഭാവിയിലേക്ക് സജ്ജമാക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും രാജ്നാഥ് സിങ് എടുത്തുപറഞ്ഞു. ''ഇന്നത്തെ കാലഘട്ടത്തില്‍, പഴയ ചിന്താരീതികള്‍ പ്രാവര്‍ത്തികമാകില്ല. പുതിയ ഭീഷണികള്‍ മുന്‍കൂട്ടി കാണുകയും പുതിയ പരിഹാരങ്ങള്‍ കണ്ടെത്തുകയും വേണം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍, കേന്ദ്രസര്‍ക്കാര്‍ പ്രതിരോധ മേഖലയിലെ ഗവേഷണത്തിനും വികസനത്തിനും മുന്‍ഗണന നല്‍കിയിട്ടുണ്ട്, യുദ്ധങ്ങളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം മൂലം, നാം സ്വയം പുതുക്കുക മാത്രമല്ല, ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലകളില്‍ ചിന്തിക്കേണ്ടതും അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: India strengthens its naval power with the commissioning of two indigenously built stealth frigates