സമുദ്രസുരക്ഷ ശക്തമാക്കുന്നു; കോസ്റ്റ്ഗാർഡിനായി 8 ഡോർണിയർ വിമാനം വാങ്ങുന്നു, 2,312 കോടി രൂപയുടെ കരാർ

ന്യൂഡൽഹി: തീരസംരക്ഷണ സേനക്കായി എട്ട് ഡോർണിയർ വിമാനങ്ങൾ വാങ്ങുന്നു. ഇതിനായി പൊതുമേഖലാ ഏറോസ്പേസ് കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി 2,312 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച ഒപ്പുവെച്ചു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് കരാറിന് അന്തിമരൂപം നൽകിയത്.
തീരസംരക്ഷണസേനയ്ക്ക് (ICG) വേണ്ടി എട്ട് ഡോർണിയർ 228 വിമാനങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (HAL) പ്രതിരോധ മന്ത്രാലയം 2,312 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ബൈ (ഇന്ത്യൻ) കാറ്റഗറി ( Buy (Indian) category) എന്നതിന് കീഴിലാണ് കരാർ.
HAL-ന്റെ ഉത്പാദനസംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെയും ചെറുകിട-അനുബന്ധ വ്യവസായങ്ങളുടെയും വിപുലമായ ശൃംഖലയെ പിന്തുണയ്ക്കുന്നതിലൂടെയും നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ആത്മനിർഭർ ഭാരത്', 'മെയ്ക്ക് ഇൻ ഇന്ത്യ' എന്നീ കേന്ദ്രസർക്കാർ ലക്ഷ്യങ്ങളെ കരാർ ഊട്ടിയുറപ്പിക്കുന്നു, അതേസമയം ഇന്ത്യയുടെ സമുദ്ര സുരക്ഷാസംവിധാനത്തെ ശക്തിപ്പെടുത്തുന്നു എന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Content Highlights: Defense Ministry inks ₹2,312 crore deal with HAL for 8 Dornier aircraft to bolster Indian Coast Guard. Boosts `Make in India` & maritime security.