2095 കോടിയുടെ ടാങ്ക് വേധ മിസൈലുകൾ വാങ്ങാൻ സൈന്യം; ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു

ന്യൂഡൽഹി: ടാങ്ക് വേധ മിസൈലുകൾ വാങ്ങുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി പ്രതിരോധമന്ത്രാലയം 2095.70 കോടി രൂപയുടെ കരാറിൽ ഒപ്പിട്ടു. ‘ഇൻവാർ’ (INVAR) ടാങ്ക് വേധ മിസൈലുകളാണ് വാങ്ങുകയെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പ്രതിരോധമന്ത്രാലയം അറിയിച്ചു. സൈന്യത്തിന്റെ ആയുധശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഇൻവാർ ടാങ്ക് വേധ മിസൈലുകളുടെ സംഭരണം ടാങ്ക് ടി-90 ന്റെ ആക്രമണശക്തിയും പ്രഹരശേഷിയും വർധിപ്പിക്കുമെന്നും ഇത് ഇന്ത്യൻ സൈന്യത്തിലെ കവചിത റെജിമെന്റുകളുടെ പ്രധാന ആശ്രയമായി മാറുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പ്രതിരോധമന്ത്രാലയം അറിയിച്ചു.
കൂടുതൽ കൃത്യതയോടെ ലക്ഷ്യത്തിലെത്തുന്ന ലേസർ ഗൈഡഡ് ടാങ്ക് വേധ മിസൈലാണ് ഇവ. സാങ്കേതികമായ പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നും എതിരാളികള്‍ക്കെതിരേ കൂടുതല്‍ കാര്യക്ഷമമായ ആക്രമണത്തിന് സൈന്യത്തെ സഹായിക്കുമെന്നുമാണ് സൈന്യം പ്രതീക്ഷിക്കുന്നത്.
സൈന്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പൊതുമേഖലയിലെ സ്ഥാപനങ്ങളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഇത്തരമൊരു കരാറിനു പിന്നില്‍. ഒപ്പം, പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലൂടെ പ്രതിരോധമേഖലയിൽ ഇന്ത്യയ്ക്ക് സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
Content Highlights: India Boosts Military Might with Advanced Anti-Tank Missile Acquisition