ഇന്ന് പബ്ലിക് ഇംപീച്ച്മെന്റ്

ന്യൂഡൽഹി: എസ്.ഐ.ആറിലൂടെ രാജ്യത്തെ പൗരരുടെ വോട്ടവകാശം കവർന്നുവെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ ‘ഇന്ത്യ’സഖ്യത്തിന്റെ ‘പരസ്യവിചാരണ’ വെള്ളിയാഴ്ച നടക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ 10 രാജാജി മാർഗിലെ വസതിയിൽ വൈകീട്ട് 3.30-ന് ‘പബ്ളിക് ഇംപീച്ച്മെന്റ്’ തുടങ്ങും. നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടക്കുന്ന ‘ഡൽഹി ചലോ’ മഹാറാലിയുടെ തുടക്കമായാണ് ഈ പ്രതിഷേധസമരം. ലോക്സഭാ മുൻ സ്പീക്കർ മീരാകുമാറിന്റെ അധ്യക്ഷതയിലാകും പ്രതീകാത്മക സഭയും കുറ്റവിചാരണ നടപടികളും. എം.പി.മാരും നേതാക്കളും പൗരപ്രമുഖരുമുൾപ്പെടെ ഇരുനൂറോളംപേർ പങ്കെടുക്കും. മീരാകുമാറിന്റെ അധ്യക്ഷപ്രസംഗത്തിനുശേഷം ഗ്യാനേഷിനെതിരേ കുറ്റപത്രം സമർപ്പിക്കും. വോട്ടർമാരുടെ അവകാശങ്ങൾ കവർന്നെടുക്കൽ, ഭരണഘടനാ ലംഘനം, സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വസ്തുതാവിരുദ്ധത എന്നിവ എണ്ണിപ്പറയുന്ന പൗര കുറ്റപത്രമാവും അവതരിപ്പിക്കുക.
പിന്നാലെ, ഗ്യാനേഷിനെ നീക്കണമെന്നാവശ്യപ്പെടുന്ന ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഖാർഗെ ചർച്ചയ്ക്ക് തുടക്കംകുറിക്കും. മോക്ക് പാർലമെന്റ് മാതൃകയിലാവും ചർച്ച. വൈകീട്ട് ആറിനുശേഷം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമാപനപ്രസംഗം നടത്തി, ‘ജനകീയ വിധി’ പ്രഖ്യാപിക്കും. വ്യാഴാഴ്ച രാവിലെ ആലോചനായോഗത്തിൽ പ്രിയങ്കാഗാന്ധി, കെ.സി. വേണുഗോപാൽ, ജയറാം രമേഷ്, ഡെറിക് ഒബ്രയാൻ, ജോൺ ബ്രിട്ടാസ്, പി.പി. സുനീർ തുടങ്ങിയവർ പങ്കെടുത്തു. നവംബർ ഒന്നിന് നടത്തുന്ന റാലിക്ക് കർശന ഉപാധികളോടെയാണ് അനുമതിലഭിച്ചത്.
അതേസമയം, സിറ്റിസൺസ് ഫോർഡെമോക്രസി എന്ന കൂട്ടായ്മ വെള്ളിയാഴ്ച ഡൽഹിയിലെ എം.ഡി.എം.സി. കൺവെൻഷൻ സെന്ററിൽ ഒരു മോക്ക് പാർലമെന്റ് സംഘടിപ്പിക്കുന്നുമുണ്ട്. ബി.ജെ.പി.യേയും കേന്ദ്രസർക്കാരിനേയും പിന്തുണയ്ക്കുന്നവരാണ് ഇതിന് പിന്നിൽ എന്ന് അഭ്യൂഹം ഉണ്ട്.
Content Highlights: INDIA bloc is organizing a public impeachment against Chief Election Commissioner Gyanesh Kumar., The symbolic trial will be led by former Lok Sabha Speaker Meira Kumar at Mallikarjun Kharge's residence., Charges include violation of voting rights and constitutional breach., The event marks the kickoff for the upcoming 'Delhi Chalo' mega rally on November 1.