ഗാന്ധിസ്മൃതിയിൽ പ്രാർഥിച്ച് മടങ്ങി പ്രതിപക്ഷ എംപിമാർ; ശക്തമായ പ്രതിഷേധം തുടരാൻ ഇന്ത്യാ സഖ്യം

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ ഗാന്ധിസ്മൃതിയിൽ പ്രാർഥിക്കുന്നു | Photo: PTI
രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ ഗാന്ധിസ്മൃതിയിൽ പ്രാർഥിക്കുന്നു | Photo: PTI

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം. മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലേക്കാണ് പ്രതിപക്ഷ എംപിമാർ ഇന്ന് പോയത്. ഗാന്ധി സ്മൃതിയിലെത്തിയ എംപിമാർ അവിടെ പുഷ്പാർച്ചന നടത്തി പ്രാർഥിച്ച ശേഷം പുറത്തിറങ്ങി. കഴിഞ്ഞദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണമായും സമാധാനപരമായിരുന്നു ഇന്നത്തെ പ്രതിഷേധം.

കനത്ത സുരക്ഷാ വലയത്തിനിടയിലായിരുന്നു ഇന്ത്യാ സഖ്യത്തിലെ എംപിമാരുടെ പ്രാർഥനാ പ്രതിഷേധം. ഉച്ചഭക്ഷണത്തിനുശേഷം കഴിഞ്ഞദിവസത്തേതിന് സമാനമായി മൂന്ന് ബസ്സുകളിലായാണ് എംപിമാർ ഇന്നും പുറപ്പെട്ടത്. ആയിരക്കണക്കിന് പ്രവർത്തകരും ഇവരെ അനുഗമിച്ചു. ഗാന്ധിസ്മൃതിയിലേക്കുള്ള പ്രവേശനത്തിന് പോലീസ് ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് നിശ്ചിതസമയത്തിനകം പുറത്തിറങ്ങുമെന്ന ഉറപ്പിന്മേൽ പ്രവേശനം അനുവദിക്കുകയായിരുന്നു. എന്നാൽ പ്രവർത്തകരെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിൽ പോലീസ് ഉറച്ചുനിന്നു.

പോലീസിന് നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട് ഇന്ത്യാ സഖ്യ എംപിമാർ നിശ്ചിത സമയത്തിനുശേഷം ഗാന്ധിസ്മൃതിയിൽ നിന്ന് പുറത്തിറങ്ങി. സുരക്ഷാ കാരണങ്ങളാൽ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും മറ്റൊരു വഴിയിലൂടെയാണ് പുറത്തിറക്കിയത്. ഇന്നത്തെ പ്രതിഷേധം താത്കാലികമായി അവസാനിച്ചെങ്കിലും ശക്തമായ സമരം തുടരുമെന്നാണ് പ്രതിപക്ഷ എംപിമാർ വ്യക്തമാക്കുന്നത്.

കേന്ദ്രസർക്കാരിന് നല്ലബുദ്ധി തോന്നാൻ വേണ്ടിയാണ് ഗാന്ധിസ്മൃതിയിൽ തങ്ങൾ പ്രാർഥിച്ചതെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വോട്ടുകൊള്ള നടത്തിയവർ രാജിവെച്ച് പുറത്തുപോകണമെന്നും വോട്ടുചെയ്യാനുള്ള പൗരന്മാരുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെയെന്നല്ല, ലോകത്തെ തന്നെ ഏറ്റവും ശക്തമായ ഇടമാണ് ഗാന്ധിസ്മൃതിയെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.

Content Highlights: Opposition MPs from the INDIA bloc staged a peaceful prayer protest at Gandhi Smriti in Delhi under heavy security, continuing their agitation demanding the resignation of Chief Election Commissioner Gyanesh Kumar.