ജന്തർ മന്തർ പ്രതിഷേധത്തിൽ ഭരണഘടന കയ്യിലേന്തി പ്രിയങ്ക, പോലീസ് തള്ളിയിട്ട് പരിക്കേൽപ്പിച്ചതായി ആരോപണം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഡൽഹിയിൽ വൻ നാടകീയ രംഗങ്ങൾ. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഒബ്രിയാൻ തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധത്തിനിടെ വനിതാ പോലീസുകാർ തന്നെ തള്ളിയിടുകയും ശരീരത്തിലാകെ പോറലേൽപ്പിക്കുകയും ചെയ്തതായി പ്രിയങ്ക ഗാന്ധി ആരോപിച്ചു. വിൻഡ്സർ സർക്കിളിലെ റോഡിൽ കിടന്ന് ഭരണഘടനയുടെ പകർപ്പ് കയ്യിലേന്തിയാണ് പ്രിയങ്കയും മറ്റ് വനിതാ നേതാക്കളും പ്രതിഷേധിച്ചത്. പിന്നാലെയായിരുന്നു പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ജനപഥിൽ സംഘടിപ്പിച്ച വിരുന്നിന് ശേഷമാണ് ഇന്ത്യ മുന്നണി എം.പിമാർ ജന്തർ മന്തറിലേക്ക് ബസ് മാർഗം പുറപ്പെട്ടത്. അമരീന്ദർ സിങ് രാജാ വോറിംഗ്, ദീപേന്ദർ സിങ് ഹൂഡ, ഇമ്രാൻ പ്രതാപ്ഗഢി, ബി.വി. ശ്രീനിവാസൻ തുടങ്ങിയ നേതാക്കൾ ബസ്സിന് മുകളിൽ കയറി ദേശീയപതാകയേന്തി മുദ്രാവാക്യം വിളിച്ചു. എന്നാൽ ജന്തർ മന്തറിന് ഒരു കിലോമീറ്റർ അകലെ അശോക റോഡിൽ വെച്ച് ശക്തമായ പോലീസ് സന്നാഹം ബസ്സുകൾ തടഞ്ഞു. തുടർന്ന് നേതാക്കൾ റോഡിലിറങ്ങി ഉപരോധം തീർക്കുകയായിരുന്നു.
'ഗ്യാനേഷ് കുമാർ നിയമാനുസൃതമായ തിരഞ്ഞെടുപ്പ് കമ്മീഷണറല്ല. 'വോട്ട് ചോർച്ച' വിഷയത്തിൽ രാജ്യത്തോട് സംസാരിക്കാനാണ് ഞങ്ങൾ ജന്തർ മന്തറിലേക്ക് പോകുന്നത്,' എന്ന് കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കോൺഗ്രസ്, ടി.എം.സി, സി.പി.ഐ (എം), സി.പി.ഐ, ആർ.ജെ.ഡി, ഐ.യു.എം.എൽ എന്നിവരുൾപ്പെടെയുള്ള കക്ഷികളുടെ എം.പിമാർ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി.
Content Highlights: INDIA bloc marched to demand the resignation of Chief Election Commissioner Gyanesh Kumar., Prominent leaders like Rahul Gandhi, Priyanka Gandhi, and Derek O'Brien were detained by Delhi Police., Priyanka Gandhi alleged manhandling by female police personnel during the protest., Protest was organized over the 'vote leakage' controversy and legal validity of the CEC.