ഇന്ത്യ- ബംഗ്ലാദേശ് ബന്ധം പഴയതുപോലെ എത്തിക്കേണ്ടത് പ്രധാനമാണ് – പ്രിയങ്ക ചതുർവേദി

#ന്യൂസ് ഡെസ്ക്
പ്രിയങ്ക ചതുര്‍വേദി | Photo : PTI
പ്രിയങ്ക ചതുര്‍വേദി | Photo : PTI

ന്യൂഡൽഹി: താരിഖ് റഹ്‌മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരമേറ്റെടുക്കാനിരിക്കെ സത്യപ്രതിജ്ഞാച്ചടങ്ങിൽ ഇന്ത്യയുടെ സാന്നിധ്യത്തിന് തന്ത്രപരമായ പ്രാധാന്യമുണ്ടെന്ന് ശിവസേന(യുബിടി) എംപി പ്രിയങ്ക ചതുർവേദി. സത്യപ്രതിജ്ഞാച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനായി ലോക്‌സഭാ സപീക്കർ ഓം ബിർള ചൊവ്വാഴ്ച ബംഗ്ലാദേശിൽ എത്തിയിരിക്കെയാണ് എംപിയുടെ പരാമർശം.

“പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം പാകിസ്താൻ പ്രധാനമന്ത്രി ചടങ്ങിന്റെ ഭാഗമാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. ഇന്ത്യ- ബംഗ്ലാദേശ് ബന്ധം എത്തരത്തിലാണ് താഴേക്ക് പോയത് എന്നതിന്റെയും പാകിസ്താൻ ബംഗ്ലാദേശിന് മേൽ ശക്തമായ സ്വാധീനം ചെലുത്തിയതിന്റെയും ഗൗരവം മനസ്സിലാക്കിക്കൊണ്ട്, ബംഗ്ലാദേശുമായി കൂടുതൽ ഇടപെടാൻ തുടങ്ങുകയും ഇന്ത്യയും ബംഗ്ലാദേശുമായുള്ള ബന്ധം നല്ല രീതിയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്”, പ്രിയങ്ക ചതുർവേദി എഎൻഐയോട് പറഞ്ഞു.

ഇന്ത്യയ്ക്കെതിരായ മുഹമ്മദ് യൂനുസിന്റെ പ്രസ്താവനയെ കുറിച്ചും അവർ പ്രതികരിച്ചു. അദ്ദേഹത്തിന് എന്തുവേണമെങ്കിലും പറയും. ബംഗ്ലാദേശിലെ ഏറ്റവും വലിയ വിഭജനവാദിയാണ് യൂനുസ്. പാകിസ്താന്റെ സ്വാധീനം യുനുസിന് മേൽ വളരെയേറെയാണ്. യൂനുസ് പാകിസ്താന്‍റെ കയ്യിലെ കളിപ്പാവയാണ്. ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങൾക്ക് യൂനുസ് സഹായം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾക്ക് വിദേശകാര്യമന്ത്രാലയം അർഹമായ മറുപടി നൽകും, അവർ പറഞ്ഞു.

Content Highlights: Shiv Sena MP Priyanka Chaturvedi highlights the strategic importance of India`s presence at Bangladesh`s new government`s oath-taking ceremony. Learn more about India-Bangladesh relations.