വെള്ളക്കെട്ടിന് കുറുകെ 'മനുഷ്യപ്പാലം'; കുട്ടികള്‍ക്ക് രക്ഷകരായി മല്ലേയൻ ഗ്രാമത്തിലെ യുവാക്കൾ

കുട്ടികളെ രക്ഷപ്പെടുത്തുന്ന ദൃശ്യം| ഫോട്ടോ:X
കുട്ടികളെ രക്ഷപ്പെടുത്തുന്ന ദൃശ്യം| ഫോട്ടോ:X

ലുധിയാന: തുടർച്ചയായി പെയ്ത കനത്ത മഴയിൽ വെള്ളം നിറഞ്ഞ വയൽവഴിയിൽക്കുടുങ്ങിയ മുപ്പത്തഞ്ചോളം കുട്ടികളെ രക്ഷപ്പെടുത്തി മല്ലേയൻ ​ഗ്രാമത്തിലെ പ്രദേശവാസികൾ. പഞ്ചാബിലെ ലുധിയാനയിലെ മല്ലേയൻ ​ഗ്രാമവാസികളായ സുഖ്ബിന്ദർ സിങ്,​ ​ഗ​ഗൻദീപ് സിങ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനമാണ് ഇപ്പോൾ സാമൂ​​ഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

വ്യാഴാഴ്ച കനത്ത മഴ പെയ്ത സാഹചര്യത്തിൽ പ്രദേശത്തെ സ്കൂളുകൾക്ക് രാവിലെ പത്തുമണിയോടെയോടെയാണ് അവധി പ്രഖ്യാപിച്ചത്. കുട്ടികൾ സ്കൂളിലെത്തിയിരുന്നതിനാൽ വീടുകളിലേക്ക് തിരിച്ച് പോകേണ്ടി വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗുരുദ്വാര വയലിൽ നിറഞ്ഞു കവിഞ്ഞൊഴുകിയ വെള്ളം പാതയിൽ നിറഞ്ഞത്.  ഇതോടെ കുട്ടികൾ വഴിയിൽ കുടുങ്ങുകയായിരുന്നു. 

സ്ഥലത്തെത്തിയ സുഖ്ബിന്ദർ കുട്ടികളുടെ നിസ്സഹായാവസ്ഥയിൽ കണ്ടതോടെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. ഗഗൻദീപ്, മറ്റ് നാട്ടുകാർ എന്നിവരുടെ സഹായത്തോടെ ഇവർ അഞ്ചടിയോളം അകലം വരുന്ന രണ്ടറ്റങ്ങൾ തമ്മിൽ പരസ്പരം മനുഷ്യപ്പാലം തീർക്കുകയായിരുന്നു. സുഖ്‌ബിന്ദറും ഗഗൻദീപും വെള്ളക്കെട്ടിന് കുറുകെ കിടന്നുകൊണ്ട് മുപ്പത്തഞ്ചോളം കുട്ടികളെയും പത്തോളം യാത്രക്കാരെയും രക്ഷിക്കുകയായിരുന്നു. ഇരുവരുടെയും ധീരപ്രവൃത്തിക്ക് മല്ലേയൻ ഗ്രാമപഞ്ചായത് ഇരുവർക്കും അനുമോദനമറിയിച്ചു.

ലുധിയാന ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിരുന്നെങ്കിലും മല്ലേയൻ ഗ്രാമവും റസൂൽപുരും ബന്ധിപ്പിക്കുന്ന റോഡ് ഇതുവരെ പുതുക്കിപ്പണിയുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്തിട്ടില്ലെന്ന് പഞ്ചായത് പ്രസിഡന്റ് പ്രതികരിച്ചു. ഗ്രാമത്തിലെ ആളുകൾക്ക് ജോലിക്ക് പോകാനും കുട്ടികൾക്ക് സ്കൂളിൽ പോകാനും ഉള്ള ഏക മാർഗമാണ് ഈ റോഡ്. റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണി ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനും ലുധിയാന ജില്ല ഭരണകൂടത്തിനും പരാതി നൽകിയിട്ടുണ്ടെന്ന് ഗ്രാമവാസികൾ പറഞ്ഞു.

Content Highlights: villege residents built human bridge across the water filled paddy field path