അന്ന് പാകിസ്താന് പടച്ചുവിട്ട പച്ചക്കള്ളം, ഇന്ന് രാഷ്ട്രപതിക്കൊപ്പം ശിവാംഗി സിങ്ങും; ഇന്ത്യയുടെ വനിതാ റഫാല്‍ പൈലറ്റ്

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു റഫാല്‍ യുദ്ധവിമാനത്തില്‍ പറന്ന ചരിത്രദിവസമാണിന്ന്. ഹരിയാണയിലെ അംബാല വ്യോമത്താവളത്തില്‍നിന്നാണ് രാഷ്ട്രപതി റഫാല്‍ യുദ്ധവിമാനത്തില്‍ 30 മിനിറ്റോളം പറന്നത്.
ഈ ചരിത്രമുഹൂര്‍ത്തത്തിന് പിന്നാലെ വിവിധ വ്യോസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള രാഷ്ട്രപതി ഫോട്ടോകളും പുറത്തുവന്നിരുന്നു. ഈ ഫോട്ടോകളിലൊന്നില്‍ രാഷ്ട്രപതിക്കൊപ്പം ഒരു വനിതാ വ്യോമസേന ഉദ്യോഗസ്ഥയുമുണ്ടായിരുന്നു- വ്യോമസേനയിലെ സ്ക്വാഡ്രണ്‍ ലീഡറായ ശിവാംഗി സിങ്. ഓപ്പറേഷന് സിന്ദൂറിനിടെ പാകിസ്താന് പടച്ചുവിട്ട പച്ചക്കള്ളങ്ങളിലൊന്നായിരുന്നു ഇന്ത്യയുടെ വനിതാ പൈലറ്റിനെ തങ്ങള്‍ പിടികൂടിയെന്നത്. സ്ക്വാഡ്രണ്‍ ലീഡറായ ശിവാംഗി സിങ്ങിനെയാണ് യുദ്ധവിമാനം വെടിവെച്ചിട്ടശേഷം തടവിലാക്കിയതെന്നായിരുന്നു പാകിസ്താന് അന്ന് പറഞ്ഞ വലിയ നുണ. എന്നാല്‍, പാകിസ്താന്റെ അവകാശവാദം തെറ്റാണെന്ന് ഇന്ത്യ അന്നേ സ്ഥിരീകരിച്ചിരുന്നു.
മാസങ്ങള്‍ക്ക് ശേഷം അതേ ശിവാംഗി സിങ് ആണ് രാഷ്ട്രപതിക്കൊപ്പമുള്ള ഫോട്ടോയിലൂടെ പാകിസ്താന്റെ വ്യാജപ്രചാരണത്തിന് വീണ്ടും ചുട്ടമറുപടി നല്‍കിയിരിക്കുന്നത്. ബുധനാഴ്ച രാഷ്ട്രപതി സഞ്ചരിച്ച റഫാല്‍ വിമാനം പറത്തിയവരില്‍ ഒരാള്‍ ശിവാംഗിയായിരുന്നു. റഫാലില്‍ പറക്കുന്നതിന് മുന്നോടിയായാണ് രാഷ്ട്രപതി ശിവാംഗിക്കൊപ്പവും ഫോട്ടോയ്ക്ക് പോസ്ചെയ്തത്.
ഇന്ത്യയിലെ ആദ്യത്തെ റഫാല്‍ പൈലറ്റാണ് ഉത്തര്‍പ്രദേശിലെ വാരണാസി സ്വദേശിയായ ശിവാംഗി സിങ്. ഇന്ത്യയിലെ ഏക വനിതാ റഫാല്‍ പൈലറ്റും അവര്‍ തന്നെയാണ്. 2017-ലാണ് ശിവാംഗി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്.
ഓപ്പറേഷന് സിന്ദൂറിനിടെ ശിവാംഗിയുടെ പേരിലാണ് പാകിസ്താന് കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നത്. സിയാല്‍കോട്ടിന് സമീപത്തുവെച്ച് ഇന്ത്യയുടെ യുദ്ധവിമാനം വെടിവെച്ചിട്ടെന്നും ഇതില്‍നിന്നും ചാടിയ വനിതാ പൈലറ്റിനെ പാക് സേന പിടികൂടിയെന്നുമായിരുന്നു പാകിസ്താന്റെ അന്ന് അവകാശപ്പെട്ടത്. എന്നാല്‍, പാകിസ്താന്റേത് തെറ്റായപ്രചാരണമാണെന്ന് ഇന്ത്യ അന്നേ മറുപടി നല്കി. തങ്ങളുടെ എല്ലാ പൈലറ്റുമാരും ലക്ഷ്യം പൂര്‍ത്തിയാക്കി തിരികെയെത്തിയെന്നും ഓപ്പറേഷന് സിന്ദൂറിന് ശേഷം സൈന്യം നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: President Droupadi Murmu made history flying a Rafale jet. Sqn Ldr Shivangi Singh, falsely claimed captured by Pakistan, flew with her, proving Pakistani propaganda false.