നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്; അപകടം ഹൈദരാബാദിൽ

#ന്യൂസ് ഡെസ്ക്
തകർന്നു വീണ കെട്ടിടം | Photo: X/ANI
തകർന്നു വീണ കെട്ടിടം | Photo: X/ANI

മാധാപുർ: ഹൈദരാബാദിലെ മാധാപുർ അഞ്ജയ്യ നഗറിൽ നിർമാണത്തിലിരുന്ന ഏഴുനില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം. 

തകർന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്തുന്നതിനായി പ്രാദേശിക പൊലീസും ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി സൈബരാബാദ് പോലീസ് അറിയിച്ചു.

തകർന്നുവീണ ഈ കെട്ടിടത്തിന് നിർമാണ അനുമതി ഉണ്ടായിരുന്നില്ലെന്നും ഇത് മുൻപ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും കോൺഗ്രസ് എം.എൽ.എ അരേകപുടി ഗാന്ധി ആരോപിച്ചു. നിയമവിരുദ്ധമായി നിർമിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ നാല് മാസത്തോളം തടഞ്ഞിരുന്നതാണെന്നും എന്നാൽ, അടുത്തിടെ ഇവർ നിയമവിരുദ്ധമായി വീണ്ടും പണി ആരംഭിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏഴുനില കെട്ടിടത്തോട് ചേർന്നുള്ള തൊട്ടടുത്ത കെട്ടിടത്തിലേക്ക് സെല്ലാർ നിർമാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ശ്രമിച്ചതാണ് കെട്ടിടം തകരാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ശേരിലിംഗമ്പള്ളി മേഖലയിൽ ഇത്തരം നിരവധി നിയമവിരുദ്ധ നിർമാണങ്ങൾ നടക്കുന്നുണ്ടെന്നും ചട്ടങ്ങൾ പാലിക്കാതെ പണിയുന്ന ഇത്തരം നിർമാണങ്ങളുടെ അപകടസാധ്യതകളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശത്ത് നിലവിൽ രക്ഷാപ്രവർത്തനങ്ങൾ തുടർന്നുവരികയാണ്.

Content Highlights: A 7-storey under-construction building collapsed in Madhapur, Hyderabad, resulting in 2 deaths., Several people injured and trapped under debris; rescue operations by police and disaster response force are underway., Congress MLA Arekapudi Gandhi alleged the building was illegal and its construction had resumed recently without permission.