നവിമുംബൈയിൽ ശ്രീനാരായണ ഗുരുദേവ തിരുജയന്തി ആഘോഷങ്ങൾ ഇന്ന്; ചലച്ചിത്ര താരം നിർമൽ പാലാഴി മുഖ്യാതിഥി

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി വാഷി, നെരൂൾ ഈസ്റ്റ്, നെരൂൾ വെസ്റ്റ് എന്നീ യൂണിറ്റുകളുടെയും ഗുരുദേവഗിരി കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വെള്ളിയാഴ്ച നെരൂൾ ഗുരുദേവഗിരിയിൽ വെച്ച് നടക്കുന്ന ആഘോഷ പരിപാടികളിൽ സിനിമാതാരം നിർമൽ പാലാഴി മുഖ്യാതിഥിയായും സിനിമാ നിർമാതാവ് മുരളി മാട്ടുമ്മൽ വിശിഷ്ടാതിഥിയായും പങ്കെടുക്കും.
ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദനും സംഘവും ഗുരുദേവ കൃതികളെ ആസ്പദമാക്കി അവതരിപ്പിക്കുന്ന സോപാന സംഗീതം, സമിതി അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, മെറിറ്റ് അവാർഡ് വിതരണം, ചതയസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. സാംസ്കാരിക സമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. സമിതി ചെയർമാൻ എൻ. മോഹൻദാസ്, വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു, ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ്, സോണൽ സെക്രട്ടറി എൻ. എസ്. രാജൻ, ഗുരുദേവഗിരി കമ്മറ്റി കൺവീനർ വി.കെ. പവിത്രൻ, വനിതാ വിഭാഗം സോണൽ കൺവീനർ മഞ്ജു പ്രേംകുമാർ എന്നിവർ ചടങ്ങിൽ സംസാരിക്കും.
രാവിലെ ഗുരുപൂജയ്ക്ക് ശേഷം ഗണപതി ഹോമം, ഉഷഃപൂജ, ഗുരുഭാഗവത പാരായണം, വിവിധ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, മെറിറ്റ് അവാർഡ് വിതരണം, ചതയ സദ്യ എന്നിവ നടക്കും. ചടങ്ങിൽ വി. പി. പ്രദീപ് കുമാർ സ്വാഗതവും കെ. സുനിൽകുമാർ നന്ദിയും പറയും. സമിതിയുടെ സാംസ്കാരിക വിഭാഗം സെക്രട്ടറി കൂടിയായ രാധാകൃഷ്ണ പണിക്കർ ആണ് പരിപാടികൾ നിയന്ത്രിക്കുന്നത്.
Content Highlights: Celebration of the 172nd Sree Narayana Guru Jayanthi at Gurudevagiri., Special guest appearances by actor Nirmal Palazhi and producer Murali Mattummal., Sopana Sangeetham performance by Njerallath Harigovindan and troupe., Traditional events including Gurupooja, cultural programs, merit awards, and Chatayasadya.