മയക്കുവെടി, കുങ്കിയാനകള്‍; ഗൂഡല്ലൂരില്‍ രണ്ടുപേരെ ചവിട്ടിക്കൊന്ന കാട്ടാനയെ തളച്ചു

ഓവേലിയിൽ മയക്കുവെടിയേറ്റ കാട്ടാനയെ വടംകെട്ടി വനത്തിനുപുറത്തെ റോഡിനോടുചേർന്ന തേയിലത്തോട്ടത്തിലെത്തിച്ചപ്പോൾ
ഓവേലിയിൽ മയക്കുവെടിയേറ്റ കാട്ടാനയെ വടംകെട്ടി വനത്തിനുപുറത്തെ റോഡിനോടുചേർന്ന തേയിലത്തോട്ടത്തിലെത്തിച്ചപ്പോൾ

ഗൂഡല്ലൂര്‍: ഓവേലിയില്‍ ഒരുമാസത്തിനിടെ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കാട്ടാനയെ തളച്ചു. ജനവാസമേഖലകളില്‍ ഭീതിവിതച്ച കാട്ടാനകളിലൊന്നിനെയാണ് മയക്കുവെടിവെച്ച് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. ഒരാഴ്ചനീണ്ട നടപടികള്‍ക്കിടെയാണ് കാട്ടാനയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എല്ലമലയില്‍വെച്ച് തളച്ചത്.

ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനിടെ കാട്ടാനയെ എല്ലമലയിലെ കുറുമ്പ്രര്‍പാടിക്ക് സമീപം വനത്തോടുചേര്‍ന്ന ഭാഗത്ത് കണ്ടെത്തുകയായിരുന്നു. മുതുമല ഫീല്‍ഡ് ഡയറക്ടര്‍ ജെ. വെങ്കിടേഷ്, വെറ്ററിനറി സര്‍ജന്‍ ഡോ. രാജേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ച യുവാക്കളും വനപാലകസംഘവും പ്രദേശത്തെത്തി. തെപ്പേക്കാട്ടെ ആനസംരക്ഷണകേന്ദ്രത്തില്‍നിന്ന് എത്തിച്ച മുതുമല, ശ്രീനിവാസന്‍, ബൊമ്മന്‍, ഉദയന്‍ എന്നീ കുങ്കിയാനകളെയും സജ്ജരാക്കിനിര്‍ത്തിയിരുന്നു. ഉന്നതനിര്‍ദേശം ലഭിച്ചതോടെ, ഡോ. രാജേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കാട്ടാനയെ രണ്ടുറൗണ്ട് മയക്കുവെടിവെച്ചു. കുങ്കിയാനകളെ ഉപയോഗിച്ചും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചും റോഡിനു സമീപമെത്തിച്ച് വൈകീട്ട് അഞ്ചരയോടെ കാട്ടാനയെ ലോറിയിലേക്ക് കയറ്റി.

നാട്ടുകാരില്‍ ഭീതിപടര്‍ത്തിയ കാട്ടാനയെ പിടികൂടാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ രാകേഷ്‌കുമാര്‍ ദോഗ്ര ഒരാഴ്ചമുന്‍പ് നിര്‍ദേശം നല്‍കിയിരുന്നു. കാട്ടാനകളുടെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു. ഓവേലി, എല്ലമല, കുറുമ്പ്രര്‍പാടി, ന്യൂഹോപ്പ് പ്രദേശങ്ങളിലായി കാട്ടാനശല്യം രൂക്ഷമാണ്.

ഓവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 10 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 22 പേര്‍

ഗൂഡല്ലൂര്‍: ഓവേലിയില്‍ ഒരുമാസത്തിനിടെ രണ്ടുപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍, കാട്ടാനയെ പിടികൂടിയത് ഗൂഡല്ലൂരിലെ വനംവകുപ്പധികൃതര്‍ക്ക് താത്കാലിക ആശ്വാസമാവുകയാണ്.

2014 മുതല്‍ 22 പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍മാത്രം ഓവേലിയില്‍ കൊല്ലപ്പെട്ടത്. 2025 ഓഗസ്റ്റ് 11-ന് ന്യൂഹോപ്പില്‍വെച്ച് മണി(62)യും സെപ്റ്റംബര്‍ ഒന്‍പതിന് പെരിയാര്‍നഗറില്‍വെച്ച് ഷംസുദ്ദി(53)നും കൊല്ലപ്പെട്ടതോടെയാണ് കാട്ടാനകളെ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയത്.

മൈസൂരു-ഊട്ടി പ്രധാനപാത ഉപരോധിച്ചും പിന്നീട് സെപ്റ്റംബര്‍ 11-ന് ഗൂഡല്ലൂര്‍ നിയോജകമണ്ഡലത്തിലാകെ കടയടപ്പുമായി വ്യാപാരികളും വാഹനപണിമുടക്കുമായി ഡ്രൈവര്‍മാരും നാട്ടുകാരും രംഗത്തെത്തിയതോടെ പ്രതിഷേധം കനത്തു.

ഓവേലി മക്കള്‍ ഈയകമെന്ന പ്രദേശത്തെ സാമൂഹികസംഘടനയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയും ഒട്ടേറെ നിവേദനങ്ങള്‍ നല്‍കുകയും ചെയ്തു. ഇതോടെയാണ് കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഉന്നതനിര്‍ദേശം വന്നത്. ഓവേലിയിലെ ജനവാസകേന്ദ്രത്തിലെത്തുന്ന കാട്ടാനകളെ തുരത്താനും പിടികൂടി വനാന്തരത്തിലേക്കു കൊണ്ടുപോയി വിടാനും നടപടികള്‍ തുടരുമെന്ന് ഡിഎഫ്ഒ വെങ്കിടേഷ് പ്രഭു പറഞ്ഞു.

Content Highlights: A wild elephant responsible for two deaths in Gudalur, Tamil Nadu, has been tranquilized and captured by forest officials after a week-long operation.