9,000 കോടിയുടെ ബാധ്യത, 7,000-ൽ അധികം ജീവനക്കാര്‍; പാപ്പരത്ത നടപടി നേരിട്ട് ഗോ ഫസ്റ്റ് എയര്‍വേയ്സ്

വിമാനക്കമ്പനികൾ സാമ്പത്തിക നഷ്ടത്തിലാകുന്നതും തകർച്ചയിലേക്ക് നീങ്ങുന്നതും രാജ്യത്ത് പുതിയ വാർത്തയല്ല. 2019-ൽ ജെറ്റ് എയര്‍വേയ്സാണ് ഏറ്റവും അവസാനം തകർച്ച നേരിട്ട് സർവീസ് അവസാനിപ്പിച്ച വിമാനക്കമ്പനി. ഇതിന് ഏഴു വർഷങ്ങൾക്ക് മുൻപാണ് വിവാദ വ്യവസായി വിജയ് മല്ല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ സാമ്പത്തികമായി തകർന്നത്. കിങ്ഫിഷറിനുള്ളിലെ തൊഴിൽ പ്രശ്‌നങ്ങൾ മുതൽ മല്ല്യയുടെ രാഷ്ട്രീയമടക്കമുള്ള വിവിധ കാര്യങ്ങൾ അന്ന് ചർച്ചയിൽ നിറഞ്ഞുനിന്നിരുന്നു.
ഇപ്പോൾ മറ്റൊരു വിമാന സർവീസ് സാമ്പത്തികമായി നേരിടുന്ന തിരിച്ചടിയുടെ വാർത്തകളാണ് പുറത്തുവരുന്നത്. ബജറ്റ് യാത്രക്കാരെ ലക്ഷ്യമിട്ട് പതിനേഴ് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഗോ എയറാണ് പ്രതിസന്ധി പട്ടികയിൽ ഇടംനേടിയ ഏറ്റവും പുതിയ എയർലൈൻസ്. പിന്നീട് ഗോ ഫസ്റ്റ് ആയി മാറിയ കമ്പനി, കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് വിവരം. പാപ്പരത്ത നടപടിക്കായി ദേശീയ കമ്പനി ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് ഗോ ഫസ്റ്റ്.
ബജറ്റ് യാത്രികരുടെ പ്രിയപ്പെട്ട എയർവേസ്
2005-ൽ അഹമ്മദാബാദ്-മുംബൈ സർവീസോടെയാണ് ഗോ എയറിന് തുടക്കമാകുന്നത്. കുറഞ്ഞ ചെലവിൽ വിമാനയാത്ര എന്ന ആശയം കമ്പനി മുന്നോട്ടുവെച്ചതോടെ പതുക്കെ ഗോ എയർ വിപണി സ്വന്തമാക്കി. 2022-ലെ കണക്കനുസരിച്ച് 1.09 കോടി യാത്രക്കാർ ഗോ എയറിനുണ്ടായിരുന്നു. 8.8 ശതമാനമായിരുന്നു കമ്പനിയുടെ വിപണി വിഹിതം. 50 ശതമാനത്തിലധികം വിപണിവിഹിതമുള്ള ഇൻഡിഗോയ്ക്കും 10 ശതമാനത്തോളം വിഹിതമുള്ള എയർ ഇന്ത്യയ്ക്കും പിന്നിലായിരുന്നു ഗോ എയർ. 2020 മാർച്ചിലെ കണക്കനുസരിച്ച് ആഭ്യന്തര, അന്തർദേശീയ സർവീസുകളുൾപ്പെടെ 330-ലധികം സർവീസുകളും ഗോ എയർ പൂർത്തീകരിച്ചിരുന്നു.
എൻജിനുകൾ തകരാറിൽ; പകുതിയോളം വിമാനങ്ങൾ പ്രവർത്തനരഹിതം
വിമാനത്തിന്റെ എൻജിൻ ലഭ്യമാക്കുന്നതിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്‌നി വീഴ്ചവരുത്തിയതാണ് ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കമ്പനിയെ തള്ളിവിട്ടത്. 61 വിമാനങ്ങളുള്ള കമ്പനിയുടെ 28 വിമാനങ്ങളും നിലവിൽ സർവീസിന് അനുയോജ്യമല്ലാത്ത സാഹചര്യത്തിലാണ്. ഇതിൽ 25 എണ്ണവും നേരിടുന്ന പ്രശ്‌നം എൻജിനുകളില്ലാത്തതാണ്. 2019-ൽ പ്രാറ്റ് ആൻഡ് വിറ്റ്‌നി നൽകിയ എൻജിനുകളിൽ ഏഴ് ശതമാനം മാത്രമായിരുന്നു തകരാറിലായത്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ തകരാറിലായ എൻജിനുകളുടെ എണ്ണം വർധിച്ചു. 2020-ൽ ഇത് 31 ശതമാവനവും 2022-ൽ 50 ശതമാനവുമായി വർധിച്ചു.
പുതിയ എൻജിനുകൾ ലഭ്യമാക്കാമെന്ന കമ്പനിയുടെ ഉറപ്പും ലംഘിക്കപ്പെട്ടതോടെ ഗോ ഫസ്റ്റിന്റെ പ്രതിസന്ധി രൂക്ഷമായി. വരുംമാസങ്ങളിൽ കൂടുതൽ എൻജിനുകൾ തകരാറിലായേക്കാം എന്ന സാഹചര്യവും ഉണ്ടായതോടെ അമേരിക്കൻ ഫെഡറൽ കോടതിയിൽ ഗോ ഫസ്റ്റ് പരാതി ഫയൽ ചെയ്തിട്ടുണ്ട്.
9,000 കോടിയുടെ ബാധ്യത, 7,000-ൽ അധികം ജീവനക്കാർ
പാപ്പരത്ത നടപടി ഒഴിച്ചുകൂടാനാകാത്തതായിരുന്നു എന്നാണ് കമ്പനി സി.ഇ.ഒ. കൗശിക് ഖോന വ്യക്തമാക്കുന്നത്. കമ്പനിയുടെ നിലവിലെ ബാധ്യത ഏകദേശം 9,000 കോടി രൂപയോളമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ജോലിചെയ്യുന്ന ജീവനക്കാരുടെ എണ്ണം 7000-ൽ അധികവും. ഗോ ഫസ്റ്റ് എയർലൈൻസ് പാപ്പരത്ത നടപടിക്ക് അപേക്ഷ നൽകുന്നതിനെക്കുറിച്ച് വായ്പ നൽകിയിട്ടുള്ള ബാങ്കുകൾക്ക് ധാരണയില്ലായിരുന്നുവെന്ന റിപ്പോർട്ടും ഇതിനിടയിൽ പുറത്തുവന്നു. സേവനം മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ പങ്കാളികളെ തേടിക്കൊണ്ടിരിക്കുന്നതിനിടെ ഇത്തരമൊരു റിപ്പോർട്ട് പുറത്തുവന്നത് കമ്പനിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
2020 മുതൽ 2023 വരെയുള്ള സാമ്പത്തികവർഷങ്ങളിൽ ഗോ ഫസ്റ്റ് തുടർച്ചയായ നഷ്ടങ്ങൾ നേരിട്ടിരുന്നു. ഇതിനോടൊപ്പം നിലവിലെ പ്രതിസന്ധിയുടെ വാർത്തകളും പുറത്തുവരുന്നതോടെ കമ്പനിയുടെ വിപണിവിഹിതം നഷ്ടപ്പെട്ടേക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ഗോ ഫസ്റ്റിന് വായ്പ അനുവദിച്ചിട്ടുണ്ടെന്നാണ് സി.എൻ.ബി.സി റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ ഗോ ഫസ്റ്റിൽ നിന്ന് വായ്പ തിരികെ ലഭിക്കാനുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വിമാനക്കമ്പനിയെ സാധ്യമായ എല്ലാ രീതിയിലും സഹായിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. എൻജിൻ വിതരണത്തിന്റെ പേരിൽ ഇത്തരമൊരു തടസ്സം നേരിടേണ്ടിവന്നത് നിർഭാഗ്യകരമാണ്. വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും ഉചിതമായ ക്രമീകരണങ്ങൾ ചെയ്യുമെന്നും മന്ത്രി ഉറപ്പുനൽകി.
യാത്രക്കാർക്ക് അസൗകര്യം; വിശദീകരണം തേടി ഡി.ജി.സി.എ
സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് സർവീസുകൾ റദ്ദാക്കിയ എയർലൈൻസ് നടപടിക്കെതിരെ ഡി.ജി.സി.എ. രംഗത്തെത്തി. യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കുന്ന വിധത്തിൽ സർവീസ് റദ്ദാക്കിയ നടപടിയിൽ 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാൻ കമ്പനിയോട് ഡി.ജി.സി.എ. ആവശ്യപ്പെട്ടിട്ടുണ്ട്. നിശ്ചയിച്ചിരുന്ന ഷെഡ്യൂൾ പാലിക്കുന്നതിൽ എയർലൈൻസ് പരാജയപ്പെട്ടതാണ് ഡി.ജി.സി.എ. അധികൃതരെ ചൊടിപ്പിച്ചത്.
മേയ് മൂന്ന്, നാല്, അഞ്ച് തീയതികളിലെ സർവീസുകളാണ് കമ്പനി റദ്ദാക്കിയത്. ടിക്കറ്റ് തുക മുഴുവനും യാത്രക്കാക്ക് തിരികെ നൽകുമെന്ന് എയർലൈൻസ് അറിയിച്ചിരുന്നെങ്കിലും മറ്റു ക്രമീകരണങ്ങളൊന്നും സാധ്യമായിരുന്നില്ല. മറ്റ് എയർലൈനുകളിലേക്ക് ടിക്കറ്റ് മാറ്റി നിശ്ചയിക്കുന്നത് സാധ്യമല്ലായിരുന്നു. തീയതി മാറ്റി പുനഃക്രമീകരിക്കുന്നതിനുള്ള സൗകര്യവും കമ്പനി ഒരുക്കിയില്ല. ഇതോടെ വിവിധയിടങ്ങളിലേക്ക് യാത്ര നിശ്ചയിച്ചിരുന്ന യാത്രക്കാരുടെ കാര്യം അനിശ്ചിതത്വത്തിലായി.
ആഭ്യന്തരവിപണി ഇൻഡിഗോയുടെ കുത്തകയിലേക്ക് നീങ്ങുമോ?
സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഗോ ഫസ്റ്റ് തകർച്ചയുടെ പാതയിലേക്ക് നീങ്ങുമ്പോൾ ഇൻഡിഗോ എയർലൈൻസിനാണ് സാധ്യത ഉയരുന്നത്. വ്യോമയാന വിപണിയിൽ 50 ശതമാനത്തിലധികം വിഹിതമുള്ള ഇൻഡിഗോയെ സംബന്ധിച്ച് തങ്ങളുടെ എതിരാളികളല്ല ഗോ ഫസ്റ്റ്. എന്നിരുന്നാലും, ഗോ ഫസ്റ്റ് പാപ്പരാകുന്നതോടെ ഇൻഡിഗോയുടെ വിപണി വിഹിതം വർധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇത്തരം അഭിപ്രായങ്ങളെ ശരിവെക്കുന്ന സൂചനകളാണ് ഓഹരി വിപണിയും മുന്നോട്ട് വെക്കുന്നത്. ബുധനാഴ്ച രാവിലത്തെ കണക്കുകളനുസരിച്ച് ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ഓഹരികൾ രേഖപ്പെടുത്തിയത് എട്ട് ശതമാനത്തിലധികം വർധനയാണ്. സാമ്പത്തിക പ്രതിസന്ധികളിൽ ബുദ്ധിമുട്ടുന്ന സ്‌പൈസ് ജെറ്റും ഗോ ഫസ്റ്റിന്റെ നഷ്ടത്തിനിടയിൽ നേട്ടമുണ്ടാക്കി. അതേസമയം, വാഡിയ ഗ്രൂപ്പിന്റെ മറ്റ് ബിസിനസുകളുടെ ഓഹരികളും കുത്തനെ ഇടിഞ്ഞു.
Content Highlights: Go First Bankruptcy explained