ഭീമ കൊറേഗാവ് കേസില്‍ തടവിലുള്ളവരെ മോചിപ്പിക്കണം; രാഷ്ട്രപതിക്ക് പ്രതിപക്ഷ നേതാക്കളുടെ കത്ത്

ന്യൂഡല്‍ഹി: ഭീമ കൊറോഗാവ് കേസില്‍ ജയിലില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കണമെന്ന് രാഷ്ട്രപതിക്ക് പ്രതിപക്ഷ കക്ഷിനേതാക്കളുടെ കത്ത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്‍സിപി നേതാവ് ശരത് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി എന്നിവരുള്‍പ്പെടെ പ്രതിപക്ഷ നേതാക്കളെല്ലാം ചേര്‍ന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിരിക്കുന്നത്. ഭീമ കൊറേഗാവ് കേസില്‍ തടവിലായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി കസ്റ്റഡിയിലിരിക്കെ മരിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ കത്ത്. 

ഭീമ കൊറേഗാവ് കേസിലും രാഷ്ട്രീയ പ്രേരിതമായ മറ്റ് കേസുകളിലും അകപ്പെട്ട് യുഎപിഎ, രാജ്യദ്രോഹം എന്നിവ ചുമത്തി ജയിലിലടച്ചിരിക്കുന്നവരെ ജയില്‍മോചിതരാക്കണമെന്നാണ് കത്തിലെ ആവശ്യം. ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെ കള്ളക്കേസ് ചുമത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഭീമാ കൊറെഗാവ് കേസില്‍ വിചാരണ കാത്ത് കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി (84) ചൊവ്വാഴ്ചയാണ് കസ്റ്റഡിയില്‍ മരിച്ചത്. ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി നല്‍കിയ ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അന്ത്യം.

ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം മാറ്റിവെച്ച ജസ്യൂട്ട് പുരോഹിതനായ സ്റ്റാന്‍ സ്വാമിയെ മാവോവാദി ബന്ധം ആരോപിച്ച് ഒക്ടോബറില്‍ റാഞ്ചിയില്‍നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്തത്. യു.എ.പി.എ. ചുമത്തി നവിമുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് 28-ന് ബാന്ദ്രയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. കോവിഡ് സ്ഥിരീകരിച്ച് നില വഷളായി.ഞായറാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

Content Highlights: Free Those Jailed In Bhima Koregaon Case: Opposition Leaders To President

Content Highlights: