ദൈവമേ, എന്താണ് സംഭവിക്കുന്നത്?കരച്ചിൽ, നിലവിളി, പ്രാർഥന; നാലുമണിക്കൂറിന് ശേഷം സുരക്ഷിത ലാൻഡിങ്

ബെംഗളൂരു: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താളത്തിൽനിന്ന് ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ കർണാടകയിലെ ഹുബ്ബള്ളിയിലേക്ക് പുറപ്പെട്ട ഫ്ളൈ 91 എയർലൈൻസിന്റെ വിമാനത്തിൽ യാത്രക്കാർ വിമാനത്തിൽ ഭയന്നിരുന്നത് ഏകദേശം നാല് മണിക്കൂറോളം. ലാൻഡിങ്ങിന് തൊട്ടുമുൻപ് സാങ്കേതിക തകരാറുണ്ടായതോടെയാണ് വിമാനം നാലുമണിക്കൂറോളം ആകാശത്ത് ചുറ്റിപ്പറന്നതെന്നായിരുന്നു പ്രാഥമികറിപ്പോർട്ട്.
യാത്രക്കാരിൽ പലരും പ്രാർഥനയോടെ കൈകൾ കൂട്ടിപ്പിടിച്ചു, ആദ്യം പതിയെ കരഞ്ഞു, തുടർന്ന് കണ്ണുകളിൽനിന്ന് കണ്ണുനീർ ഒഴുകി, ശരീരം വിറച്ചു. ചിലർ ഉച്ചത്തിൽ കരഞ്ഞു. ചിലർ ശാന്തമായി പ്രാർഥനകൾ ഉരുവിട്ടു. ദൈവമേ എന്നുള്ള ശബ്ദങ്ങളും തേങ്ങലുകളും ഇടയ്ക്കിടെ കേട്ടു. വിമാനത്തിൽ നിന്നുള്ള ചില വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽനിന്ന് യാത്രക്കാർ എത്രത്തോളം പരിഭ്രാന്തരാണെന്നത് വ്യക്തമാണ്.
വൈകുന്നേരം 3 മണിയോടെ പുറപ്പെട്ട Fly91 എയർലൈൻസ് വിമാനം IC3401 (ATR ടർബോപ്രോപ് AT7), ഹുബ്ബള്ളിയിൽ വൈകുന്നേരം 4:30 ന് ഇറങ്ങേണ്ടതായിരുന്നു. എന്നാൽ വിമാനം ഹുബ്ബള്ളിയിലേക്ക് അടുക്കുമ്പോൾ, മോശം കാലാവസ്ഥ നേരിട്ടതിനെ തുടർന്ന് പൈലറ്റുമാർ ലാൻഡിങ് റദ്ദാക്കി. വിമാനം ഏകദേശം നാല് മണിക്കൂറോളം പറന്നു, മുണ്ടഗോഡ്, ദാവനഗരെ, ശിവമോഗ്ഗ തുടങ്ങിയ പ്രദേശങ്ങൾക്ക് മുകളിൽ ചുറ്റിത്തിരിഞ്ഞു, സാഹചര്യം നിയന്ത്രിക്കാനും സുരക്ഷിതമായി ഇറങ്ങാനും ശ്രമങ്ങൾ നടത്തി.
"ഞങ്ങൾ വിമാനത്തിലുണ്ട്. ഞങ്ങൾ നിങ്ങളെ വിവരങ്ങൾ അറിയിക്കും. ക്ഷമയോടെ കാത്തിരിക്കുക, നിർദ്ദേശങ്ങൾ പാലിക്കുക," പൈലറ്റ് യാത്രക്കാരോട് നിർദ്ദേശിക്കുന്നത് വീഡിയോയിൽ കേൾക്കാം. ബെംഗളൂരുവിലേക്ക് തിരികെ പോകാൻ യാത്രക്കാർ പൈലറ്റിനോട് ആവശ്യപ്പെടുന്നതും കേൾക്കാം. "പൈലറ്റിനോട് ബംഗളൂരുവിലേക്ക് പോകാൻ പറയൂ. അല്ലെങ്കിൽ നമുക്ക് ബെൽഗാമിലേക്കെങ്കിലും പോകാം," ഒരു യാത്രക്കാരൻ പറയുന്നത് കേൾക്കാം.
യാത്രക്കാരുടെ കുടുംബാംഗങ്ങൾ Fly91 എയർലൈൻസിനെതിരെ രോഷം പ്രകടിപ്പിച്ചു. ആശയവിനിമയത്തിന്റെ അഭാവവും അനാസ്ഥയും ആരോപിച്ച്, കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്ന് അവർ അവകാശപ്പെട്ടു. പ്രാദേശിക വിമാനക്കമ്പനി പറയുന്നത് വിമാനത്തിന് യാതൊരു സാങ്കേതിക തകരാറും ഉണ്ടായിട്ടില്ല എന്നാണ്.
"ഹൈദരാബാദിൽ നിന്ന് ഹുബ്ബള്ളിയിലേക്കുള്ള IC3401 വിമാനത്തിന് ചില മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതുപോലെ യാതൊരു സാങ്കേതിക തകരാറും സംഭവിച്ചിട്ടില്ല. വിമാനം ഹൈദരാബാദിൽ നിന്ന് 15.00 മണിയ്ക്ക് പുറപ്പെട്ടു. ഹുബ്ബള്ളിയിലേക്ക് അടുക്കുമ്പോൾ, വിമാനം മോശം കാലാവസ്ഥ നേരിട്ടതിനെ തുടർന്ന് സാധാരണ നടപടിക്രമം അനുസരിച്ച് ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം പിന്നീട് ഹുബ്ബള്ളിയിലേക്ക് തിരികെ വരികയും ഹൈദരാബാദിലെ അവരുടെ ഹോം ബേസിലേക്ക് മടങ്ങുകയും ചെയ്തു," വിമാനക്കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. ഹുബ്ബള്ളിക്ക് മുകളിൽ വിമാനം ചുറ്റിപ്പറയുകയും ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തത് സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണ്. വൈദഗ്ധ്യമുള്ള പൈലറ്റുമാർ, കാബിൻ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ് എന്നിവർ ഉണ്ടെന്നും അവർ ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ പരിശീലനം നേടിയവരാണെന്നും കമ്പനിയ്ക്ക് തികഞ്ഞ സുരക്ഷാ റെക്കോഡ് ഉണ്ടെന്നും ഫ്ളൈ 91 എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആശങ്കനിറഞ്ഞ നിമിഷങ്ങൾക്കും ആവർത്തിച്ചുള്ള ശ്രമങ്ങൾക്കും ശേഷം വിമാനം ഒടുവിൽ വഴിതിരിച്ചുവിടുകയും രാത്രി 7:30 ഓടെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു.
Content Highlights: Fly91 flight IC3401 faced severe weather conditions in 2026., Passengers experienced 4 hours of distress during mid-air holding patterns., The airline officially denied technical failures, citing standard diversion protocols., The flight landed safely at Kempegowda International Airport at 7:30 PM.