FCRA ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ക്രിസ്ത്യൻ സംഘടനകൾ; കൂടുതൽ ശക്തിപ്പെടുത്തണമെന്ന് RSS സംഘടനകൾ

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി ബിൽ പൂർണമായും പിൻവലിക്കണമെന്ന് സംയുക്ത പാർലമെന്ററി സമിതി മുമ്പാകെ ക്രിസ്ത്യൻസംഘടനകൾ. എന്നാൽ വിദേശഫണ്ടിങ്ങിന് കർശന നിയന്ത്രണം വേണമെന്നും അതിന് നിയമം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ആർ.എസ്.എസ് അനുകൂലസംഘടനകൾ ആവശ്യപ്പെട്ടു. വ്യാഴാഴ്ച പാർലമെന്റ് സമുച്ചയത്തിൽ ചേർന്ന സമിതി യോഗത്തിലാണ് ഈ ആവശ്യങ്ങളുയർന്നത്. ഷില്ലോങ്, കൊച്ചി, ഗോവ കേന്ദ്രങ്ങളിൽ നടത്തിയ തെളിവെടുപ്പുകൾക്ക് ശേഷമാണ് സമിതി വീണ്ടും ഡൽഹിയിൽ സിറ്റിങ് നടത്തിയത്.

ബിൽ നിയമമായാൽ സമുദായത്തിന്റെ മതപരമായ സ്വാതന്ത്ര്യം പൂർണമായി ഇല്ലാതാകുമെന്ന് വിവിധ ക്രൈസ്തവസംഘടനകളുടെ ഐക്യവേദിയായ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻ.സി.സി.ഐ) ജനറൽസെക്രട്ടറി ഫാ. ആസിർ എബിനേസർ ചൂണ്ടിക്കാട്ടി. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് തങ്ങൾ നൽകി വരുന്ന സേവനങ്ങൾ തടസ്സപ്പെടാൻ ഇതിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അപ്പോസ്തൽസ് മെത്തിഡിസ്റ്റ് ചർച്ച്, ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, ജീസസ് റിഡീംസ് എന്നിവയുടെ പ്രതിനിധികളും സമാനനിലപാട് സ്വീകരിച്ചു. വനവാസി കല്യാൺ ആശ്രമം, അഖിൽ ഭാരതീയ അഭിഭാഷക പരിഷത്ത്, രാഷ്ട്രീയ സേവാഭാരതി തുടങ്ങിയവയുടെ പ്രതിനിധികളാണ് ബില്ലിനെ അനുകൂലിച്ചത്. സമിതിയുടെ അടുത്ത സിറ്റിങ് നിശ്ചയിച്ചിട്ടില്ല.

ശീതകാലസമ്മേളനത്തിന് മുമ്പായി സമിതി റിപ്പോർട്ട് നൽകാനാണ് നീക്കമെങ്കിലും നിലവിലെ സാഹചര്യത്തിൽ അതെത്രത്തോളം സാധ്യമാകുമെന്നതിൽ ഉറപ്പില്ല.