വഖഫ്: പൊതുവായി എതിര്‍ത്തെങ്കിലും രണ്ട് വകുപ്പുകളെ പിന്തുണച്ച് ജോസ് കെ. മാണി; വോട്ട് വേണ്ടിവന്നില്ല

#ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ്
ജോസ് കെ. മാണി | Photo: PTI
ജോസ് കെ. മാണി | Photo: PTI

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിലെ രണ്ട് വ്യവസ്ഥകളോട് രാജ്യസഭയില്‍ അനുകൂല നിലപാട് സ്വീകരിച്ച കേരള കോണ്‍ഗ്രസ് എംപി ജോസ് കെ. മാണിക്ക് രാജ്യസഭയില്‍ വോട്ട് രേഖപ്പെടുത്തേണ്ടി വന്നില്ല. എല്ലാ ഭേദഗതികളിലും പ്രത്യേകം വോട്ടെടുപ്പ് ആവശ്യപ്പെടേണ്ട എന്ന ഇന്ത്യ മുന്നണിയുടെ തീരുമാനമാണ് കേരളത്തിലെ ഇടതുമുന്നണിയില്‍ ഉണ്ടാകാമായിരുന്ന ഒരു വലിയ പ്രതിസന്ധി ഒഴിവാക്കിയത്. ജോസ് കെ. മാണി ഒരു ഭേദഗതിയിലെങ്കിലും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തിരുന്നുവെങ്കില്‍ അത് കേരളത്തില്‍ വലിയനേട്ടം ആകുമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

വഖഫ് നിയമ ഭേദഗതി ബില്ലിനെ പൊതുവായി എതിര്‍ക്കുകയാണെങ്കിലും ബില്ലിലെ 20, 35 വകുപ്പുകളെ പിന്തുണയ്ക്കുന്നതായി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. ബില്ലിലെ 9,11 വകുപ്പുകളെ ശക്തമായി എതിര്‍ക്കുന്നുവെന്നും ജോസ് കെ. മാണി സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ബില്ലിലെ 20,35 വകുപ്പുകളില്‍ വോട്ടെടുപ്പ് ഉണ്ടായാല്‍ ജോസ് കെ. മാണി എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഉണ്ടായിരുന്നു. എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തിലെ ജോസ് കെ. മാണി, മോദി സര്‍ക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയാല്‍ അത് ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ വിവാദങ്ങളെ സംബന്ധിച്ച് ഇടത് എംപിമാര്‍ക്കും ധാരണ ഉണ്ടായിരുന്നു.

ഇതിനിടയിലാണ് എല്ലാ ഭേദഗതികളിലും പ്രത്യേക വോട്ടെടുപ്പ് ആവശ്യപ്പെടേണ്ട എന്ന തീരുമാനം കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഇന്ത്യ മുന്നണിയിലെ എംപിമാരെ അറിയിച്ചത്. പ്രതീകാത്മക എതിര്‍പ്പ് അറിയിക്കുന്നതിന് ബില്ലിലെ 10-ാം വകുപ്പില്‍ മാത്രം വോട്ടെടുപ്പ് ആവശ്യപ്പെട്ടാല്‍ മതിയെന്നും പ്രതിപക്ഷ എംപിമാരെ അറിയിച്ചു. ഇന്ത്യ മുന്നണിയിലെ എല്ലാ എംപിമാര്‍ക്കും ഈ തീരുമാനം സ്വീകാര്യം ആയിരുന്നു. ഇതേ തുടര്‍ന്നാണ് ജോസ് കെ. മാണി പിന്തുണച്ച വഖഫ് ഭേദഗതി നിയമത്തിലെ 20,35 വകുപ്പുകളില്‍ പ്രത്യേക വോട്ടെടുപ്പ് നടക്കാതെ പോയത്.

20,35 വകുപ്പുകളില്‍ ആരും ഭേദഗതികള്‍ നല്‍കിയിരുന്നില്ല. ശബ്ദ വോട്ടോടെയാണ് ഈ വകുപ്പുകള്‍ രാജ്യസഭാ പാസ്സാക്കിയത്. അതേസമയം വഖഫ് നിയമ ഭേദഗതി വോട്ടിനിട്ടപ്പോള്‍ ജോസ് കെ. മാണി, ഇന്ത്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്ക് ഒപ്പം ചേര്‍ന്ന് സര്‍ക്കാരിന് എതിരെ വോട്ട് ചെയ്തു.

Content Highlights: eventhough jose k mani spported to clauses in waqf ammendment bill this is why he voted against