ഇഎസ്ഐ ശമ്പളപരിധി കൂട്ടില്ല, പഠിക്കാന്‍ സമിതി; അതൃപ്തി അറിയിച്ച് തൊഴിലാളി യൂണിയനുകള്‍

#ഷൈന്‍ മോഹന്‍
പ്രതീകാത്മക ചിത്രം | ESI ( Employee's State Insurance Corporation ) coverage - illustration/ Mathrubhumi
പ്രതീകാത്മക ചിത്രം | ESI ( Employee's State Insurance Corporation ) coverage - illustration/ Mathrubhumi

ന്യൂഡല്‍ഹി: ഇഎസ്ഐ പദ്ധയില്‍ അംഗമാകാനുള്ള ശമ്പള പരിധി 21,000 രൂപയായി തുടരുന്നതില്‍ മാറ്റംവരുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതിയെ വെക്കുന്നു. വെള്ളിയാഴ്ച ഷിംലയില്‍ നടന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്ഐ) കോര്‍പ്പറേഷന്‍ യോഗത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.

എട്ടുവര്‍ഷമായി തുടരുന്ന ഈ ശമ്പളപരിധി ഉയര്‍ത്തണമെന്ന ദീര്‍ഘകാല ആവശ്യം കോര്‍പ്പറേഷന്റെ 196-ാമത് യോഗത്തിന്റെ അജന്‍ഡയിലുണ്ടായിരുന്നില്ല. എന്നാല്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ യോഗത്തിനിടെ ശക്തമായി ആവശ്യം ഉന്നയിച്ചതോടെ ഇക്കാര്യം 20 മിനിറ്റോളം ചര്‍ച്ച ചെയ്തു. തീരുമാനമെടുക്കുന്നതിനുപകരം പഠിക്കാന്‍ സമിതിയെ വെക്കാമെന്ന മന്ത്രിയുടെ പ്രസ്താവനയില്‍ തൊഴിലാളി യൂണിയനുകള്‍ അതൃപ്തിയറിയിച്ചു.

സമിതിയുണ്ടാക്കാനും അവര്‍ പഠനം നടത്താനും സര്‍ക്കാര്‍ അതില്‍ തീരുമാനമെടുക്കാനും കാലതാമസമെടുത്തേക്കാമെന്ന് യൂണിയന്‍ പ്രതിനിധികള്‍ പറയുന്നു. എട്ടുവര്‍ഷമായി തുടരുന്ന ശമ്പളപരിധി ഉയര്‍ത്തണമെന്നത് തത്ത്വത്തില്‍ അംഗീകരിക്കപ്പെട്ടതിനാല്‍ ഇനിയും കമ്മിറ്റിയെ വെക്കുന്നത് എന്തിനെന്നാണ് ചോദ്യം.

പ്രതിവര്‍ഷം പത്തുലക്ഷം രൂപയുടെ സൗജന്യചികിത്സ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഇഎസ്ഐ പദ്ധയില്‍ അംഗമാകാനുള്ള പരമാവധി ശമ്പളം 21,000 രൂപയാക്കിയത് 2017-ലാണ്. പിന്നീട് തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ധിച്ചതിനാല്‍ 80 ലക്ഷത്തിലേറെപ്പേര്‍ ഇഎസ്ഐ അംഗത്വത്തില്‍നിന്ന് പുറത്തായി. അതിനാല്‍ വേതനപരിധിയില്‍ കാലാനുസൃതവര്‍ധന വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ഇഎസ്ഐ ആശുപത്രിയിലെത്തുന്ന രോഗികളെ അവിടെ സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാത്രമേ റഫര്‍ ചെയ്യാവൂ എന്ന നിര്‍ദേശം പിന്‍വലിക്കണമെന്നും യൂണിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അതത് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് തീരുമാനമെടുക്കാമെന്ന് മന്ത്രി വ്യക്തമാക്കി.

ഇഎസ്ഐ കവറേജിന്റെ വ്യാപ്തി കൂട്ടും

ഇഎസ്ഐ കവറേജിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ കൂടുതല്‍ തൊഴിലുടമകളെയും തൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്ന സ്പ്രീ പദ്ധതി വീണ്ടും തുടങ്ങാന്‍ യോഗത്തില്‍ തീരുമാനമായി. ജൂലായ് ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ നടക്കുന്ന സ്പ്രീ പദ്ധതി വഴി ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

ഇഎസ്ഐ നിയമവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഒക്ടോബര്‍ ഒന്നുമുതല്‍ അടുത്തവര്‍ഷം ഒക്ടോബര്‍ 30 വരെ നടത്തും. ഇഎസ്ഐയില്‍ ആയുഷ് ചികിത്സാരീതികള്‍ക്ക് പ്രോത്സാഹനം നല്‍കും. ഇഎസ്ഐ ആശുപത്രികള്‍ കുറവുള്ള സ്ഥലങ്ങളില്‍ ചാരിറ്റബിള്‍ ചികിത്സാകേന്ദ്രങ്ങളില്‍ ഗുണഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കാനും കോര്‍പ്പറേഷന്‍ അനുമതി നല്‍കി


 

Content Highlights: India`s ESI Corp. considers raising the salary cap for membership.