യുവാക്കളെ വൈദ്യുതാഘാതമേൽപിച്ചും നഖം പിഴുതെടുത്തും തൊഴിലുടമ; ക്രൂരത മോഷണം ആരോപിച്ച്

റായ്പുര്‍: മോഷണം സംശയിച്ച് തൊഴിലാളികളെ ക്രൂരപീഡനത്തിരയാക്കി തൊഴിലുടമ. ഛത്തീസ്ഗഢിലെ കോര്‍ബയിലാണ് സംഭവം. ഐസ്ക്രീം ഫാക്ടറി ജീവനക്കാരും രാജസ്ഥാന് സ്വദേശികളുമായ അഭിഷേക് ഭംബി, വിനോദ് ഭംബി എന്നിവര്‍ക്കാണ് തൊഴിലുടമയായ ഛോട്ടു ഗുര്ജാറില്നിന്നും ഇയാളുടെ സഹായി മുകേഷ് ശര്‍മയില്‍നിന്നും ആക്രമണം നേരിടേണ്ടിവന്നത്.
ഛോട്ടുവും മുകേഷും ചേര്‍ന്ന് അഭിഷേകിന്റെയും വിനോദിന്റെയും ദേഹത്ത് വൈദ്യുതാഘാതം ഏല്പിക്കുകയും നഖങ്ങള്‍ പിഴുതെടുക്കുകയും ചെയ്തെന്നാണ് പരാതി. ഏപ്രില്‍ 14-ാം തീയതിയാണ് സംഭവം. പീഡനത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തൊഴിലുടമയില്‍നിന്നുള്ള പീഡനത്തിന് പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അഭിഷേകും വിനോദും സ്വന്തംസ്ഥലമായ രാജസ്ഥാനിലെ ഭില്വാരയിലെത്തിയ ശേഷം ഗുലാബ്പുര സ്റ്റേഷനില്‍ പരാതി നല്കി. രാജസ്ഥാന് പോലീസ്, കേസ് കോര്‍ബ പോലീസിന് തുടര്‍നടപടികള്‍ക്കായി കൈമാറി. വെള്ളിയാഴ്ച കോര്‍ബയിലെ സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ ഛോട്ടുവിനും മുകേഷിനും എതിരായ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
വണ്ടിയുടെ അടവിനായി 20,000 രൂപ താന്‍ തൊഴിലുടമയോട് ആവശ്യപ്പെട്ടിരുന്നെന്ന് അഭിഷേക് പറഞ്ഞു. എന്നാല്‍, പണം നല്കാന് തൊഴിലുടമയായ ഛോട്ടു തയ്യാറായില്ല. ഇതോടെ ജോലി ഉപേക്ഷിക്കാൻ അഭിഷേക് ഒരുങ്ങി. ഇത് ഛോട്ടുവിനെ പ്രകോപിതനാക്കുകയും തന്നെയും വിനോദിനെയും ഉപദ്രിവിക്കുകയുമായിരുന്നെന്ന് അഭിഷേക് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ആരെയും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പ്രമോദ് ദദ്സേന അറിയിച്ചു.
Content Highlights: employer tortures youths in chhattisgarh