ഏഴ് സംസ്ഥാനങ്ങളിലെ SIR കരട് വോട്ടർ പട്ടികയിൽനിന്ന് നീക്കപ്പെട്ടവർക്ക് വീണ്ടും അവസരം നൽകി കമ്മിഷൻ

ന്യൂഡൽഹി: നടന്നുകൊണ്ടിരിക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) യജ്ഞത്തിനിടയിൽ കരട് പട്ടികയിൽ നിന്നും പേരുകൾ ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് ഒരു അവസരംകൂടി നൽകി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. മഹാരാഷ്ട്ര, ഹരിയാണ, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഹാജരില്ലാത്തവർ, താമസം മാറിയവർ, മരണപ്പെട്ടവരായി രേഖപ്പെടുത്തിയവർ, അല്ലെങ്കിൽ ഇരട്ട വോട്ടുള്ളവർ എന്ന് രേഖപ്പെടുത്തി പേരുകൾ ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക്, അന്തിമ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി തങ്ങളുടെ ഫോമുകൾ വീണ്ടും സമർപ്പിക്കാൻ അനുമതിയുണ്ടെന്ന് കമ്മിഷൻ അറിയിച്ചു.
ഈ വോട്ടർമാർ തങ്ങൾ നിലവിൽ താമസിക്കുന്ന സ്ഥലത്തെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്കോ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്കോ കൃത്യമായി പൂരിപ്പിച്ച 'എന്യൂമറേഷൻ ഫോമുകൾ' സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
അർഹരായ ഒരു വോട്ടർപോലും അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടാനുള്ള അവസരത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ഇരട്ടിപ്പ് ഒഴിവാക്കാനും നിർദേശമുണ്ട്.
എസ്ഐആറിന്റെ ഭാഗമായി വോട്ടർമാരെ ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള ഫോമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മുമ്പ് നീട്ടി നൽകിയിരുന്നു. മഹാരാഷ്ട്ര, നാഗാലാൻഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കാലാവധി നീട്ടിനൽകിയിരുന്നു.
Content Highlights: Election Commission provides another opportunity for voters whose names were omitted from the SIR draft list., Applicable in six states and Delhi, including Maharashtra, Haryana, Andhra Pradesh, Jharkhand, Telangana, and Nagaland., Omitted voters due to absence, relocation, death, or duplication can re-submit enumeration forms., Forms must be submitted to the local Electoral Registration Officer (ERO) or Assistant Electoral Registration Officer (AERO).