'ഞങ്ങൾക്ക് ശാസ്ത്രീയ പിന്തുണയുണ്ട്, എഥനോൾ അളവ് ഇനിയും കൂട്ടും'; E20 വിവാദത്തിൽ ന്യായീകരണവുമായി സുരേഷ് ഗോപി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം, സുരേഷ് ഗോപി | Photos: AI Generated, Mathrubhumi
പ്രതീകാത്മക ചിത്രം, സുരേഷ് ഗോപി | Photos: AI Generated, Mathrubhumi

തൃശൂർ: കർണാടകയിൽ ഇ20 പെട്രോളിൽ അനുവദിനീയമായ അളവിലും അധികം എഥനോൾ കണ്ടെത്തിയ സംഭവത്തിൽ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ഇക്കാര്യത്തിൽ തങ്ങൾക്ക് ശാസ്ത്രീയ പിന്തുണയുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. നിലവിൽ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനാണ് അംഗീകാരം നൽകിയിരിക്കുന്നത്. കാലക്രമേണെ പെട്രോളിലെ എഥനോളിന്റെ അളവ് വർധിപ്പിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'കർണാടക സർക്കാരും കേരള സർക്കാരും പരിശോധന നടത്തട്ടെ. ഞങ്ങൾക്ക് അതിൽ സയന്റിഫിക് സപ്പോർട്ട് ഉണ്ട്. 20 ആണ് ഞങ്ങൾ അംഗീകരിച്ചിരിക്കുന്നത്. അത് കാലക്രമേണെ വർധിപ്പിക്കും. ശാസ്ത്രീയമായി സാധ്യതകൾ പരിശോധിച്ചശേഷമാണ് ചെയ്യുക.' -സുരേഷ് ഗോപി പറഞ്ഞു.

കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദിനീയമായ അളവിലുമധികം എഥനോൾ ഉണ്ടെന്ന വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഏഴ് ജില്ലകളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളിലാണ് അധികം അളവിൽ എഥനോൾ കണ്ടെത്തിയത്. സംസ്ഥാന സർക്കാർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 20 ശതമാനം എഥനോളാണ് അനുവദിനീയമെന്നിരിക്കെ പല പമ്പുകളിലേയും പെട്രോളിൽ 30 ശതമാനത്തിലധികമായിരുന്നു എഥനോളിന്റെ അളവ്.

അതേസമയം സാമ്പിളുകൾ ശേഖരിച്ചതിലും പരിശോധിച്ചതിലും നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നാണ് എണ്ണക്കമ്പനികൾ ഇക്കാര്യത്തിൽ നൽകിയ വിശദീകരണം. ഇതിനുള്ള വിശദമായ മറുപടി ദീപാവലിക്ക് ശേഷം തിങ്കളാഴ്ച നൽകുമെന്ന് കർണാടക സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് പറഞ്ഞിരുന്നു.

കർണാടകയിലെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും പരിശോധന നടത്താൻ മന്ത്രി അനൂപ് ജേക്കബ് നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് തീരുമാനം.

Content Highlights: Union Minister of State Suresh Gopi defended the E20 fuel policy amid the Karnataka petrol controversy, asserting scientific backing for the ethanol blending process and hinting at increasing blending levels over time.