ദുർഗ്ഗാപൂജ വിവാദം: ‘മാംസാഹാരം ശാക്തേയ ഹിന്ദുത്വത്തിന്റെ കാതലാണ്’; ബാബ ബാഗേശ്വറിനെതിരെ സഞ്ജീവ് സന്യാൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദുർഗ്ഗാ പൂജാവേളയിൽ മാംസാഹാരം ഒഴിവാക്കണമെന്ന ബാഗേശ്വർ ധാം മേധാവി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ (ബാബ ബാഗേശ്വർ) ആഹ്വാനത്തിനെതിരെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവും ചരിത്രകാരനുമായ സഞ്ജീവ് സന്യാൽ രംഗത്തെത്തി. ദുർഗ്ഗാ പൂജയ്ക്കിടയിൽ മാംസാഹാരം കഴിക്കുന്നതും വിൽക്കുന്നതും ഒഴിവാക്കണമെന്ന ബാബാ ബാഗേശ്വറിന്റെ പ്രസ്താവന ബംഗാളിൽ വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു.
മാംസാഹാരം എന്നത് ശാക്തേയ ഹിന്ദു പാരമ്പര്യത്തിന്റെ (Shakta Hinduism) അവിഭാജ്യ ഭാഗമാണെന്ന് വ്യക്തമാക്കിയ സഞ്ജീവ് സന്യാൽ ബംഗാളി ഹിന്ദുക്കളിൽ ഭൂരിഭാഗവും ശാക്തേയ വിശ്വാസികളാണെന്നും അവരുടെ ആരാധനാ രീതികളിലും സംസ്‌കാരത്തിലും മാംസത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാൾ സ്വദേശിയായ സന്യാൽ, എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അഭിപ്രായം പങ്കുവെച്ചത്.
പുരാതന ആചാരങ്ങളുടെ ഭാഗമായി ദുർഗ്ഗാ ദേവിക്കും കാളി ദേവിക്കും പരമ്പരാഗതമായി മാംസം നിവേദിക്കാറുണ്ടെന്നും ഭക്തർ നവമി നാളിൽ ഇത് പ്രസാദമായി കഴിക്കാറുണ്ടെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.
'മാംസാഹാരം ശാക്തേയ ഹിന്ദുത്വത്തിന്റെ കാതലാണ്. പുരാതന ആചാരങ്ങളുടെ ഭാഗമായി ഇത് ദുർഗ്ഗാ ദേവിക്കും കാളി ദേവിക്കും സമർപ്പിക്കപ്പെടുന്നു. ദുർഗ്ഗാ പൂജയിൽ നവമി/ ദശമി നാളുകളിൽ ഭക്തർ കഴിക്കുന്ന പ്രസാദം മാംസമാണ്. ഈ പവിത്രമായ ആചാരത്തിന്മേലുള്ള ഒരു ഇടപെടലും സഹിക്കില്ല.' സന്യാൽ തന്റെ പോസ്റ്റിൽ കുറിച്ചു.
ദുർഗ്ഗാ പൂജയ്ക്കിടയിൽ മാംസാഹാരം കഴിക്കുന്നതിനെതിരെ ബാഗേശ്വർ ബാബ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. അത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം ഈ ഉത്സവകാലത്ത് അത്തരം ഭക്ഷണം കഴിക്കുന്നവരെ മതവിരുദ്ധർ എന്നും വിശേഷിപ്പിച്ചിരുന്നു.
അതേസമയം, ദുർഗ്ഗാ പൂജാ ആഘോഷങ്ങളിൽ ബംഗാളികൾ മാംസാഹാരം ഉപേക്ഷിക്കണമെന്ന ബാഗേശ്വർ ബാബയുടെ അഭ്യർത്ഥന പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സമീക് ഭട്ടാചാര്യയടക്കം തള്ളിക്കളയുന്ന സാഹചര്യമാണ് ഉണ്ടായത്. വ്യക്തികളുടെ ഭക്ഷണരീതികൾ അവരുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും അതിൽ മറ്റുള്ളവർ ഇടപെടേണ്ടതില്ലെന്നുമുള്ള നിലപാടാണ് അദ്ദേഹം ഉൾപ്പെടെയുള്ള നേതാക്കൾ ഈ വിഷയത്തിൽ സ്വീകരിച്ചത്.
പുറത്തുനിന്നുള്ള ഒരാളുടെ നിർദ്ദേശപ്രകാരം ബംഗാളികളുടെ ഭക്ഷണശീലങ്ങളും പാരമ്പര്യങ്ങളും മാറ്റാൻ കഴിയില്ലെന്നും സംസ്ഥാനത്ത് എത്തുന്ന ഒരു മതനേതാവിനും ഇവിടുത്തെ ജനങ്ങൾ എന്ത് കഴിക്കണം അല്ലെങ്കിൽ എന്ത് ധരിക്കണം എന്ന് നിർദ്ദേശിക്കാൻ അവകാശമില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
'എന്നെ എന്റെ വഴിക്ക് ജീവിക്കാൻ അനുവദിക്കൂ. ബംഗാളികൾ അവർ കഴിച്ചുകൊണ്ടിരുന്നതുതന്നെ കഴിക്കും. ബംഗാളികൾക്ക് മീനും ഇറച്ചിയും കഴിച്ചുകൂടേ? സ്വാമി വിവേകാനന്ദൻ ഇത് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് മുകളിൽ ആരാണുള്ളത്?' ഭട്ടാചാര്യ ചോദിച്ചു.
അഷ്ടമി നാളിൽ 'ലൂച്ചി'യും (പൂരി) നവമിക്ക് ആട്ടിറച്ചിയും കഴിക്കുന്നത് ബംഗാളിന്റെ ദീർഘകാല സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമാണെന്നും അത് ഉപേക്ഷിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന പ്രശ്‌നമേ ഇല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
'ഇവിടെ കാളി മാതാവിന് വഴിപാടായി ആട്ടിറച്ചിയാണ് സമർപ്പിക്കുന്നത്. ഞങ്ങൾ സാധാരണയായി അഷ്ടമിക്ക് 'ലൂച്ചി'യും നവമിക്ക് ആട്ടിറച്ചിയും കഴിക്കാറുണ്ട്. ഞങ്ങൾ അത് തുടർന്നും ചെയ്യും. പശ്ചിമ ബംഗാളിലെ ജനങ്ങൾ എന്ത് കഴിക്കണമെന്ന് പറയാൻ ആർക്കും അധികാരമില്ല.' അദ്ദേഹം പറഞ്ഞു.
പരമ്പരാഗത ഭക്ഷണക്രമത്തിൽ മത്സ്യവും മാംസവും അവിഭാജ്യ ഘടകമായ ഒരു സംസ്ഥാനത്ത് ബാഗേശ്വർ ബാബയുടെ പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ചരിത്രപരമായി വിവിധ സമൂഹങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ വൈവിധ്യമാർന്ന ആചാരങ്ങളോടെയാണ് ബംഗാളിൽ ദുർഗ്ഗാ പൂജ ആഘോഷിക്കാറുള്ളത്.
Content Highlights: Sanjeev Sanyal, a member of the Prime Minister's Economic Advisory Council, opposed Bageshwar Dham head Dhirendra Krishna Shastri's call to avoid meat during Durga Puja, emphasizing that meat is integral to Shakta Hindu traditions in Bengal.