'ഗോമൂത്ര സംസ്ഥാനങ്ങള്‍'; വിവാദ പരാമര്‍ശവുമായി DMK MP, തിരിച്ചടിച്ച് ബിജെപി

ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയം നേടിയതിനെക്കുറിച്ച് ഡിഎംകെ എം.പി സെന്തില്‍ കുമാര്‍ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശം വിവാദമായി. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങളെന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇതോടെ ഡിഎംകെയ്ക്കെതിരെ ബിജെപി രംഗത്തെത്തി. ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ഡിഎംകെക്കാര്‍ ഉടന്‍ മനസിലാക്കുമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു.
ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപി വിജയിക്കുന്നത്. ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് അവയെ വിളിക്കുന്നതെന്നും സെന്തില്‍ കുമാര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി വന്‍ വിജയം നേടിയതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഡിഎംകെ എം.പി വിവാദ പരാമര്‍ശം നടത്തിയത്.
ഇതോടെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി രംഗത്തെത്തി. രാജ്യത്തെ ജനങ്ങള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡിഎംകെയ്ക്ക് നന്നായി അറിയാമെന്ന് മീനാക്ഷി ലേഖി പ്രതികരിച്ചു. ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ഡിഎംകെയ്ക്ക് ഉടന്‍ മനസിലാകും. രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങളില്‍നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്കി.
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തെ വോട്ടെണ്ണല്‍ ഞായറാഴ്ചയാണ് നടന്നത്. ഹിന്ദി ഹൃദയഭൂമി കീഴടക്കിയ ബിജെപി മധ്യപ്രദേശ് നിലനിര്‍ത്തുകയും രാജസ്ഥാനിലും ഛത്തീസ്ഗഢിലും അധികാരം പിടിക്കുകയും ചെയ്തിരുന്നു. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.
Content Highlights: DMK MP Gaumutra States sparks raw BJP Parliament