‘നടിയെ മുൻനിരയിലിരുത്തി, വിജയ്ക്ക് അന്തസ്സില്ലാതെയായി’; തൃഷയുടെ സല്യൂട്ടിനെതിരേ വിമർശനവുമായി ഡിഎംകെ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ സാന്നിധ്യത്തിൽ സെന്റ് ജോർജ് കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ നടി തൃഷ കൃഷ്ണൻ പങ്കെടുത്തതിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാന പ്രതിപക്ഷമായ ഡിഎംകെ. വിജയും തൃഷയും പരസ്പരം സല്യൂട്ട് ചെയ്തതിനെയും ഔദ്യോഗിക ചടങ്ങിനിടയിലെ നടിയുടെ ഇരിപ്പിട ക്രമീകരണത്തെയും ഡി.എം.കെയുടെ മുഖപത്രമായ ‘മുരശൊലി’യിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പാർട്ടി വിമർശിച്ചു.
ചടങ്ങിൽ വിജയ്യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖർ, ശോഭ ചന്ദ്രശേഖർ എന്നിവർക്കൊപ്പം മുൻനിരയിലാണ് തൃഷ ഇരുന്നിരുന്നത്. ചടങ്ങിനിടയിൽ മുഖ്യമന്ത്രിക്ക് നടി സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഔദ്യോഗിക ചടങ്ങുകൾക്കിടയിൽ വിജയ്യും തൃഷയും പരസ്പരം സല്യൂട്ട് കൈമാറിയതിനെ എഡിറ്റോറിയലിലൂടെ പാർട്ടി ചോദ്യംചെയ്തു.
മുഖ്യമന്ത്രി എന്ന നിലയിലുള്ള വിജയ്യുടെ അന്തസ്സ് ഇല്ലാതായെന്ന് എഡിറ്റോറിയൽ പറയുന്നു. ‘ഒരു ലജ്ജയുമില്ലാതെ മുൻനിരയിൽ ഒരു നടിയെ ഇരുത്തുകയും ഇരുവരും പരസ്പരം സല്യൂട്ട് ചെയ്യുകയും ചെയ്യുന്നത് അദ്ദേഹത്തിന് വോട്ട് ചെയ്ത ജനങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇത്തരത്തിലുള്ള അശ്ലീലവും വൃത്തികേടും പരസ്യമായി ചെയ്തിട്ട്, അത് ന്യായീകരിക്കാമെന്ന് കരുതുന്ന ഒരാളാണ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി എത്തിയിരിക്കുന്നത്’, നടിയുടെ പേരെടുത്ത് പരാമർശിക്കാത്ത മുഖപ്രസംഗത്തിൽ പറയുന്നു.
ഒരു നടിയെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്ക് കൊണ്ടുവന്നതും അവർക്ക് സല്യൂട്ട് നൽകിയതും വിജയ്യുടെ ആരാധകർക്ക് പോലും അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് അവകാശപ്പെട്ട മുഖപ്രസംഗം, ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നും ചോദിക്കുന്നു. ഇരുവരും പരസ്പരം സല്യൂട്ട് ചെയ്യുന്ന രംഗം ടി.വി.കെ. വോട്ടർമാർക്ക് പോലും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. എന്നാൽ, വിജയ്യുടെ പാർട്ടിയായ ടി.വി.കെ. ഈ വിമർശനങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അധികാരത്തിൽ എത്തിയ മൂന്ന് മാസത്തിനുള്ളിൽത്തന്നെ ജനപ്രീതി നഷ്ടപ്പെടുമോയെന്നും ഭരണം നഷ്ടപ്പെടുമോയെന്നുമുള്ള പേടിയാണ് മുഖ്യമന്ത്രി വിജയ്യുടെ പ്രസംഗത്തിൽ നിഴലിക്കുന്നതെന്ന് ഡിഎംകെ ആരോപിച്ചു.
80-ാം സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ സാധിച്ചതിൽ എല്ലാവർക്കും വിജയ് നന്ദി രേഖപ്പെടുത്തിയിരുന്നു. അഴിമതിയിൽ നിന്നും കൈക്കൂലിയിൽ നിന്നും തമിഴ്നാടിനെ സംരക്ഷിക്കുമെന്നും അദ്ദേഹം തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
Content Highlights: DMK's mouthpiece Murasoli has published a scathing editorial criticizing Tamil Nadu Chief Minister Vijay and actress Trisha Krishnan for exchanging mutual salutes and for her prominent front-row seating during the Independence Day celebrations at Fort St. George.