‘കൈക്കൂലി വാങ്ങിയിരുന്നത് ഇഎംഐ പോലെ’; ഡി.എം.കെയ്ക്കെതിരേ സഭയിൽ രൂക്ഷവിമർശനവുമായി വിജയ്

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഡി.എം.കെ.ക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്. മുൻ സർക്കാരിന്റെ കാലത്ത് കരാറുകാരിൽനിന്നും പാർട്ടി ഫണ്ട് എന്ന പേരിൽ, ലോൺ ഇ.എം.ഐ അടയ്ക്കുന്നതുപോലെയാണ് കൈക്കൂലി വാങ്ങിയിരുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ആരോപണങ്ങൾക്ക് തെളിവ് ആവശ്യപ്പെട്ട പ്രതിപക്ഷത്തിന്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) രേഖകൾ ഉദ്ധരിച്ചാണ് വിജയ് മറുപടി നൽകിയത്.
മുൻ ഭരണകാലത്ത് മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ ആൻഡ് വാട്ടർ സപ്ലൈ വകുപ്പിന് കീഴിലുള്ള പദ്ധതികളിൽ കരാർ തുകയുടെ 7.5 ശതമാനം മുതൽ 10 ശതമാനം വരെ ഭരണകക്ഷിയായിരുന്ന ഡി.എം.കെ കൈക്കൂലിയായി വാങ്ങി പാർട്ടി ഫണ്ടിലേക്ക് വകമാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, രവി പ്രസാദ് എന്നിവരടക്കമുള്ളവരാണ് ഈ പാർട്ടി ഫണ്ടിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളെന്ന് ഇ.ഡി രേഖയിൽ വ്യക്തമാക്കുന്നുണ്ടെന്നും വിജയ് സഭയിൽ ചൂണ്ടിക്കാട്ടി.
ഡി.എം.കെയ്ക്ക് ദീർഘകാലത്തെ അഴിമതിയുടെ ചരിത്രമുണ്ടെന്ന് വിജയ് പറഞ്ഞു. 1970-കളിലെ വീരാണം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാരിയ കമ്മീഷൻ റിപ്പോർട്ട് ഇതിനുദാഹരണമായി വിജയ് ചൂണ്ടിക്കാട്ടി. അന്ന് 16 കോടി രൂപയുടെ ടെൻഡറിൽ 2.5 ശതമാനം തുക പാർട്ടി ഫണ്ടായി പാർട്ടി വക്താവ് മാരൻ ആവശ്യപ്പെട്ടതായി കമ്മിഷൻ റിപ്പോർട്ടിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കമ്മിഷന് മുന്നിൽ പുരുഷോത്തമൻ എന്ന വ്യക്തി നൽകിയ മൊഴിയിൽ, 29 ലക്ഷം രൂപ കൈക്കൂലി തവണകളായി ഇ.എം.ഐ പോലെയാണ് വാങ്ങിയതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2001-ൽ മുൻ മുഖ്യമന്ത്രി ജയലളിതയും മുൻ മന്ത്രി സി. പൊന്നയ്യനും ഈ വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നിരുന്നുവെന്നും വിജയ് ചൂണ്ടിക്കാട്ടി.
Content Highlights: Chief Minister Vijay alleged that DMK collected bribes like loan EMIs from contractors for party funds., Cited Enforcement Directorate (ED) documents implicating MK Stalin and Udhayanidhi Stalin., Bribes ranged from 7.5% to 10% in MAWS department projects., Referenced historical corruption cases including the 1970s Veeranam drinking water project and Sarkaria Commission report.