ഡൽഹിയിൽ ദീപാവലി ദിനത്തിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട രണ്ട് ISIS ഭീകരർ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടയിൽ നടത്താൻ പദ്ധതിയിട്ട വൻ ഭീകരാക്രമണം തടഞ്ഞ് ഡൽഹി പോലീസ്. തെക്കൻ ഡൽഹിയിലെ ഒരു പ്രമുഖ മാളും ഒരു പൊതു പാർക്കും ഉൾപ്പെടെ, തലസ്ഥാനത്തെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ഫോടനം നടത്താൻ തയ്യാറെടുക്കുകയായിരുന്ന ഐഎസ്ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പിടിയിലായ രണ്ടുപേരുടെയും പേര് അദ്നാൻ എന്നാണ്. ഡൽഹിയിലും ഭോപ്പാലിലും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരിൽ ഒരാൾ ഡൽഹിയിലെ സാദിഖ് നഗർ സ്വദേശിയും മറ്റൊരാൾ മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയുമാണ്.
ഡൽഹിയിൽ നടക്കാനിരുന്ന ഒരു ഭീകരാക്രമണം ഒഴിവാക്കാൻ സാധിച്ചതായി സ്പെഷ്യൽ സെൽ അഡീഷണൽ പോലീസ് കമ്മീഷണർ പ്രമോദ് കുശ്വാഹ വ്യക്തമാക്കി. തെക്കൻ ഡൽഹിയിലെ ഒരു മാളും ഒരു പാർക്കും ഉൾപ്പെടെ നിരവധി തിരക്കേറിയ സ്ഥലങ്ങളിൽ ഇവർ നിരീക്ഷണം നടത്തിയിരുന്നു, ഇവിടെയാണ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്. അദ്ദേഹം പറഞ്ഞു.
ഐഎസ്‌ഐഎസിനോട് ആഭിമുഖ്യം പ്രഖ്യാപിക്കുന്ന പ്രതികളുടെ വീഡിയോയും ഡൽഹിയിൽ ആക്രമണം നടത്താൻ സാധ്യതയുള്ള സ്ഥലങ്ങളുടെ ഫോട്ടോകളും പോലീസ് കണ്ടെടുത്തു. സ്ഫോടക വസ്തുവിനുള്ള താൽക്കാലിക ടൈമറായി ഉപയോഗിക്കുന്ന ഒരു വാച്ചും പിടിച്ചെടുത്തു.
ഡൽഹി സ്വദേശിയായ പ്രതിയെ ഒക്ടോബർ 16 ന് സാദിഖ് നഗറിൽ നിന്നാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ അദ്നാനെ ഭോപ്പാലിൽ നിന്ന് അറസ്റ്റ് ചെയ്തു. ഗ്യാൻവാപി മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയയിൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് ഭോപ്പാൽ സ്വദേശി നേരത്തെ നിരീക്ഷണത്തിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവരിൽ നിന്ന് കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് തെളിവുകളും ഇരുവരും വിദേശത്തുള്ളവരുമായി ബന്ധം പുലർത്തിയിരുന്നെന്നും ഐഇഡി ആക്രമണത്തിൻ്റെ അവസാന ഘട്ട തയ്യാറെടുപ്പിലായിരുന്നുവെന്നും സൂചിപ്പിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതികൾക്ക് പാകിസ്താൻ്റെ ഇൻ്റർ-സർവീസസ് ഇൻ്റലിജൻസുമായി (ഐഎസ്ഐ) ബന്ധമുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ പരിശോധിക്കുകയാണ്.
Content Highlights: Delhi Police arrested two suspected ISIS operatives planning a major terror attack in the capital during Diwali. Recovered materials suggest advanced IED preparation and foreign handler contact.