ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറന്റ്; നടപടി 2018-ലെ അപകീർത്തി കേസിൽ

#ന്യൂസ് ഡെസ്ക്
ധ്രുവ് റാഠി | Photo: AFP
ധ്രുവ് റാഠി | Photo: AFP

ന്യൂഡൽഹി: പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ഡൽഹി കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 'ഐ സപ്പോർട്ട് നരേന്ദ്ര മോദി' എന്ന ഫേസ്ബുക്ക് പേജിന്റെ സ്ഥാപകനായ വികാസ് പാണ്ഡെ 2018-ൽ ഫയൽചെയ്ത ക്രിമിനൽ അപകീർത്തി കേസിലാണ് നടപടി. വീഡിയോയിലൂടെ ധ്രുവ് റാഠി തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും ഇത് തന്റെ പേരിന് കളങ്കമുണ്ടാക്കിയെന്നുമാണ് വികാസ് പാണ്ഡെയുടെ പരാതി.

ഡൽഹി സാകേത് കോടതിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അനം റഈസ് ഖാനാണ് ഉത്തരവിട്ടത്. നേരത്തെ കോടതി സമൻസും രണ്ടുതവണ ജാമ്യം ലഭിക്കാവുന്ന വാറന്റുകളും അയച്ചിരുന്നെങ്കിലും ധ്രുവ് റാഠി ഹാജരാകാതിരുന്നതിനെ തുടർന്നാണ് ജാമ്യമില്ലാ വാറന്റിലേക്ക് കോടതി കടന്നത്. ഡിസംബർ മൂന്നിന് കേസിൽ വീണ്ടും വാദം കേൾക്കും.

നിലവിൽ ജർമനിയിലുള്ള റാഠി, ഒക്ടോബർ ആദ്യവാരത്തിൽ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയിരുന്നു. ഒക്ടോബർ എട്ടിന് ബെംഗളൂരുവിൽ സിജെപി ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തിയ സമരത്തിലും അദ്ദേഹം പങ്കാളിയായിരുന്നു.