ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണു; നിരവധി വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു, 8 പേരെ രക്ഷപ്പെടുത്തി

ന്യൂഡൽഹി: ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി പേർ കുടുങ്ങി. ഡൽഹിയിലെ സത്യനികേതനിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അഗ്നിരക്ഷാസേന, പോലീസ്, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നിരുന്ന എട്ടുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. പുരുഷന്മാർക്കായുള്ള പെയിങ് ഗസ്റ്റ് (പിജി) സംവിധാനമാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. സർവകലാശാലയ്ക്ക് സമീപമായതിനാൽ കോളേജ് വിദ്യാർഥികളാണ് ഇവിടെ താമസിച്ചിരുന്നത്. എൻഎസ്‌യുഐ, ഐസ തുടങ്ങിയ വിദ്യാർഥിസംഘടനകളും രക്ഷാപ്രവർത്തനത്തിൽ സഹായിക്കാനായി സ്ഥലത്തെത്തിയിട്ടുണ്ട്.
ഫയർഫോഴ്‌സിനും പോലീസിനും പുറമെ വേറേയും വിവിധധ ഏജൻസികളെ രക്ഷാപ്രവർത്തനത്തിനായി അയച്ചിട്ടുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു. ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ), ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്), സെൻട്രലൈസ്ഡ് ആക്‌സിഡന്റ് ആൻഡ് ട്രോമാ സർവീസസ് (സിഎടിഎസ്), സിവിൽ ഡിഫൻസ്, ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ തുടങ്ങിയവരെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണെന്ന് രേഖാ ഗുപ്ത എക്‌സിലൂടെ അറിയിച്ചു. മുൻകരുതലെന്ന നിലയിൽ സമീപത്തെ കെട്ടിടങ്ങൾ ഒഴിപ്പിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
Content Highlights: A multi-story building functioning as a PG accommodation collapsed in Satya Niketan, Delhi., Several people, including college students from Delhi University South Campus, are trapped., Two people have been rescued so far by fire services and police., NDRF, DDMA, and other agencies are conducting emergency rescue operations., Chief Minister Rekha Gupta stated that neighboring buildings have been evacuated as a precaution.