ഡല്‍ഹിയെ നടുക്കി ഉഗ്രസ്‌ഫോടനം; വലിയ തീഗോളം, ചിന്നിച്ചിതറി ശരീരഭാഗങ്ങള്‍; NSG, NIA സംഘങ്ങൾ സ്ഥലത്ത്; അതീവ ജാഗ്രത

#ന്യൂസ് ഡെസ്‌ക്
Photo: PTI
Photo: PTI

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത് കാര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. ഈ കാര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ സമീപത്തുനിര്‍ത്തിയിട്ടിരുന്ന ഒട്ടേറെ വാഹനങ്ങളിലേക്കും തീപടര്‍ന്നു. ഡല്‍ഹി അഗ്നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തിങ്കളാഴ്ച വൈകീട്ട് 6.55-ഓടെയാണ് സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തെ ലാല്‍ ഖ്വില മെട്രോസ്‌റ്റേഷന്റെ ഒന്നാംനമ്പര്‍ ഗേറ്റിന് സമീപത്തായാണ് കാര്‍ പൊട്ടിത്തെറിച്ചത്. വിനോദസഞ്ചാരികളടക്കം എത്തുന്ന ഓള്‍ഡ് ഡല്‍ഹിയിലെ ഏറെ തിരക്കുള്ള മേഖലയാണിത്. സ്‌ഫോടനസമയത്തും നിരവധിപേര്‍ സ്ഥലത്തുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ ഒൻപത് പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വലിയ തീഗോളം...

സംഭവസ്ഥലത്ത് വലിയ തീഗോളമാണ് കണ്ടതെന്ന് സമീപവാസിയായ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. വലിയ സ്‌ഫോടനശബ്ദമാണ് കേട്ടത്. വീടിന്റെ ടെറസില്‍ കയറിനോക്കിയപ്പോള്‍ വലിയ തീഗോളം കണ്ടു. ഉടന്‍തന്നെ വീടിന് പുറത്തേക്കിറങ്ങിയെന്നും ഇദ്ദേഹം പറഞ്ഞു.

എല്ലാംപെട്ടെന്ന് സംഭവിച്ചെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഒന്നിലധികം കാറുകള്‍ പൊട്ടിത്തെറിച്ചതായാണ് തനിക്ക് തോന്നിയതെന്നും ഇദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തില്‍ ഇത്രയും വലിയ സ്‌ഫോടനശബ്ദം കേട്ടിട്ടില്ലെന്നാണ് സമീപവാസിയായ മറ്റൊരാള്‍ പറഞ്ഞത്. മൂന്നുതവണ പൊട്ടിത്തെറിയുണ്ടായെന്നും എല്ലാവരും മരിക്കാന്‍ പോവുകയാണെന്ന് തോന്നിയെന്നും ഇദ്ദേഹം പ്രതികരിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് എത്തിയപ്പോള്‍ റോഡില്‍ ചിന്നിച്ചിതറി കിടക്കുന്ന ശരീരഭാഗങ്ങളാണ് കണ്ടതെന്നും എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലായില്ലെന്നും നിരവധി കാറുകള്‍ നശിച്ചെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സുരക്ഷാവലയം തീര്‍ത്ത് പോലീസ്...

സ്‌ഫോടനമുണ്ടായതിന് പിന്നാലെ മെട്രോസ്‌റ്റേഷന്‍ പരിസരം പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാക്കി. മേഖലയില്‍നിന്ന് ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചു. ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഡല്‍ഹിയില്‍ പോലീസ് അതീവജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍എസ്ജിയും എന്‍ഐഎ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പോലീസ് പട്രോളിങ്ങും പരിശോധനയും ശക്തമാക്കാനും നിര്‍ദേശിച്ചു.

ഡല്‍ഹിയില്‍ വന്‍ ഗതാഗതക്കുരുക്ക്

ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പരിഭ്രാന്തിയിലായി ഡല്‍ഹി നിവാസികള്‍. സ്‌ഫോടനവിവരം പുറത്തുവന്നതിന് പിന്നാലെ ഡല്‍ഹിയിലെ റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സ്‌ഫോടനം നടന്ന ഓള്‍ഡ് ഡല്‍ഹി മേഖലയില്‍ പലയിടങ്ങളിലും പോലീസ് ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇവിടെയും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

Content Highlights: A car exploded near Delhi`s Red Fort metro station, causing a massive fire and traffic disruption. Several vehicles caught fire, and casualties are feared. Emergency services on site.