ഡൽഹിയിൽ വായുനിലവാരം ദയനീയം; ദീപാവലിക്ക് ശേഷം അതീവ ഗുരുതരം

ന്യൂഡൽഹി: ദീപാവലി ആഘോഷിച്ചതിനു തൊട്ടുപിന്നാലെ രാജ്യതലസ്ഥാനത്തെ വായുനിലവാരം കുറേക്കൂടി വഷളായി. ഞായറാഴ്ച രാത്രിയിലെ പടക്കങ്ങൾ കത്തിക്കലിനു ശേഷം തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ വായുനിലവാര സൂചിക 376 പോയിന്റ് രേഖപ്പെടുത്തി. ഇത് 'വളരെ മോശം' വിഭാഗത്തിൽ പെടുന്നതാണ്. രാവിലെ പത്തോടെ പോയിന്റ് അൽപ്പം താഴ്ന്ന് 371-ലെത്തി.
തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ മിക്ക ഭാഗങ്ങളും കറുത്ത പുകയും മൂടൽമഞ്ഞും കാരണം മൂടിക്കെട്ടിയ നിലയിലായിരുന്നു. 2021-ന് ശേഷം വായുനിലവാരം ഏറ്റവും മോശമായ ദീപാവലിവേളയാണിതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ദീപാവലി ദിവസമായ ഞായറാഴ്ച വായുനിലവാര സൂചിക 376 പോയിന്റാണ്. 2021-ൽ ഇത് 382 പോയിന്റായിരുന്നു. കഴിഞ്ഞവർഷം സൂചിക 345 പോയിന്റായിരുന്നു.
51 സ്റ്റേഷനുകളിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 14 ഇടങ്ങളിൽ വായുനിലവാരം 'ഗുരുതര' വിഭാഗത്തിലാണ്. 33 ഇടങ്ങളിൽ വളരെ മോശവും നാലിടങ്ങളിൽ മോശവുമാണ്. ഡൽഹി സാങ്കേതികസർവകലാശാല സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഏറ്റവും ഗുരുതരവിഭാഗത്തിലുള്ള വായുനിലവാര സൂചിക രേഖപ്പെടുത്തിയത്- 439 പോയിന്റ്.
ഡൽഹിയിലെ പ്രധാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളിലെല്ലാം രാവിലെ കാഴ്ചാപരിധി ഗണ്യമായി കുറഞ്ഞു. പടക്കംപൊട്ടിക്കൽ കാരണം അന്തരീക്ഷത്തിൽ പുക പടർന്നത്ചെന്നൈയിൽനിന്നുള്ള 26 വിമാനസർവീസുകളെ ബാധിച്ചു.
റൺവേ കാണാൻ ബുദ്ധിമുട്ടനുഭവപ്പെട്ടതിനാൽ 11 വിമാനങ്ങൾ ഏറെനേരം ആകാശത്ത് വട്ടംകറങ്ങി. ഒരു വിമാനം ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങി.
Content Highlights: Delhi AQI reached 376 (very poor category) the morning after Diwali., Worst Diwali air quality recorded since 2021 according to CPCB data