വിഷലിപ്തമായി ഡൽഹി: മലിനീകരണ നിയന്ത്രണങ്ങൾ പരിഷ്കരിച്ചു, ഓഫീസുകളിൽ 50% ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണിക്കും

ഡൽഹിയിൽ വായു മലിനീകരണം തടയാൻ ആന്റി-സ്മോഗ് ഗൺ ഉപയോ​ഗിച്ച് വാട്ടർ ഡ്രോപ്ലെറ്റുകൾ തളിക്കുന്നു | Photo: PTI
ഡൽഹിയിൽ വായു മലിനീകരണം തടയാൻ ആന്റി-സ്മോഗ് ഗൺ ഉപയോ​ഗിച്ച് വാട്ടർ ഡ്രോപ്ലെറ്റുകൾ തളിക്കുന്നു | Photo: PTI

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് മലിനീകരണ നിയന്ത്രണ നടപടികൾ കർശനമാക്കി വായു ഗുണനിലവാര മാനേജ്മെൻ്റ് കമ്മീഷൻ. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്പ്) പരിഷ്കരിച്ചു.

ഡൽഹിയിലെ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ്(എക്യൂഐ) നിലവാരത്തെയും കാലാവസ്ഥാ പ്രവചനങ്ങളെയും അടിസ്ഥാനമാക്കിയുള്ള അടിയന്തര പ്രതികരണ സംവിധാനമാണ് ഗ്രാപ്പ്. നാലുഘട്ടങ്ങളിലായി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ നിലവിലെ സാഹചര്യത്തിൽ ഒരു ഘട്ടം മുന്നേ നടപ്പിലാക്കാൻ പരിഷ്കരിച്ച പ്ലാനിൽ നിഷ്കർഷിക്കുന്നു.

വായുഗുണനിലവാരം മോശമാകുന്ന രണ്ടാംഘട്ടത്തിൽ നടപ്പിലാക്കിയിരുന്ന പല നടപടികളും ഒന്നാം ഘട്ടത്തിൽ തന്നെ നടപ്പിലാക്കാനാണ് പുതിയ തീരുമാനം. ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായി തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുക, ഗതാഗതക്കുരുക്കുള്ള പോയിന്റുകളിൽ അധിക ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം ഏകോപിപ്പിക്കുക, പത്രങ്ങൾ, ടി.വി, റേഡിയോ എന്നിവ വഴി പൊതു മലിനീകരണ മുന്നറിയിപ്പുകൾ നൽകുക, പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനായി സി.എൻ.ജി/ഇലക്ട്രിക് ബസ് ഫ്ളീറ്റുകൾ വർദ്ധിപ്പിക്കുകയും, തിരക്കില്ലാത്ത സമയങ്ങളിലെ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്ത നിരക്കുകളോടെ മെട്രോ സർവീസുകളുടെ എണ്ണം കൂട്ടുകയും ചെയ്യുക തുടങ്ങിയ രണ്ടാം ഘട്ടത്തിൽ സ്വീകരിക്കേണ്ട നടപടികൾ പരിഷ്കരിച്ച നിർദേശങ്ങൾ പ്രകാരം ഒന്നാം ഘട്ടത്തിൽ തന്നെ നടപ്പിലാക്കും.

സാധരണ മൂന്നാം ഘട്ടത്തിൽ നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങൾ രണ്ടാം ഘട്ടത്തിൽ തന്നെ നടപ്പിലാക്കാനും നിർദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലെ സർക്കാർ ഓഫീസുകളിലും മുനിസിപ്പൽ ബോഡികളിലും ഓഫീസ് സമയങ്ങൾ വ്യത്യാസപ്പെടുത്താൻ അനുമതി നൽകുന്നു. മറ്റ് ജില്ലകളിലും സമാനമായ നടപടികൾ നടപ്പിലാക്കാം. കേന്ദ്രസർക്കാരിനും ഡൽഹി-എൻസിആറിലുടനീളമുള്ള തങ്ങളുടെ ഓഫീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്താവുന്നതാണ്.

പരിഷ്കരിച്ച പദ്ധതിപ്രകാരം വായുഗുണനിലവാരം ഗുരുതരമെന്ന് കണക്കാക്കുന്ന നാലാംഘട്ടത്തിൽ സ്വീകരിക്കുന്ന നിയന്ത്രണങ്ങൾ മൂന്നാം ഘട്ടത്തിൽ തന്നെ നടപ്പിലാക്കും. ഇതുപ്രകാരം സർക്കാർ, മുനിസിപ്പൽ, സ്വകാര്യ ഓഫീസുകൾ 50% ജീവനക്കാരുമായി പ്രവർത്തിക്കുകയും ബാക്കിയുള്ളവരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണോ എന്ന് ഡൽഹി സർക്കാരിന് തീരുമാനിക്കാം. കേന്ദ്രസർക്കാരിനും തങ്ങളുടെ ജീവനക്കാരുടെ കാര്യത്തിൽ സമാനമായ തീരുമാനമെടുക്കാം.

Content Highlights: CAQM revises Graded Response Action Plan (GRAP) for NCR as Delhi`s air quality remains `Very Poor`. Find out new pollution control measures, including shifted stages.