'നിങ്ങൾ തീരുമാനമെടുത്തില്ലെങ്കിൽ ഞങ്ങൾ എടുക്കും'; ദാരാസിങ്ങിന്റെ ശിക്ഷാ ഇളവിൽ സുപ്രീം കോടതി

ന്യൂഡൽഹി: ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ജീവനോടെ കത്തിച്ചുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാസിങ്ങിന്റെ ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനത്തിൽ കാലതാമസംവരുത്തുന്നതിൽ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം. ദാരാ സിങ്ങിന്റെ അപേക്ഷയിൽ തീരുമാനമെടുക്കാൻ ഒഡീഷ സ്റ്റേറ്റ് സെന്റൻസ് റിവ്യൂ ബോർഡിന് സെപ്റ്റംബർ രണ്ടുവരെ സുപ്രീം കോടതി അവസാന അവസരം നൽകി. അതിനകം തീരുമാനമെടുത്തില്ലെങ്കിൽ ദാരാ സിങ്ങിന്റെ അപേക്ഷയിൽ കോടതിതന്നെ തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
ദാരാസിങ്ങിന്റെ ശിക്ഷാ ഇളവ് സംബന്ധിച്ച് ഓഗസ്റ്റ് 19-നകം തീരുമാനമെടുക്കണമെന്ന് നേരത്തേ കോടതി ഒഡീഷ സർക്കാരിനോട് നിർദേശിച്ചിരുന്നു. എന്നാൽ, ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന്, ജയിൽ ഡയറക്ടറേറ്റ് ജനറലിന്റെ കത്ത് അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ദാരാസിങ്ങിന്റെ സ്വദേശം ഉത്തർപ്രദേശ് ആണെന്നും അദ്ദേഹത്തിന്റെ മുൻകാല പശ്ചാത്തലവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആ സംസ്ഥാനത്തോട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും വ്യക്തമാക്കുന്ന കത്താണ് സുപ്രീം കോടതിക്ക് കൈമാറിയത്. എന്നാൽ, നടപടിക്രമങ്ങളുടെ പേരിൽ തീരുമാനം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
26 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ദാരാസിങ് ശിക്ഷാ ഇളവ് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒഡീഷ സർക്കാരിന്റെ നിലവിലെ ശിക്ഷാ ഇളവ് നയപ്രകാരം, വധശിക്ഷ ജീവപര്യന്തമായി കുറച്ച തടവുകാർക്ക് 25 വർഷത്തെ തടവ് പൂർത്തിയാക്കിയശേഷം ശിക്ഷാ ഇളവ് പരിഗണിക്കാം. 2003-ൽ വിചാരണക്കോടതി ദാരാസിങ്ങിന് വധശിക്ഷ വിധിച്ചു. 2005-ൽ ഒറീസ ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 2011-ൽ സുപ്രീം കോടതിയും ഈ തീരുമാനം ശരിവെച്ചു. 1999 ജനുവരി 22-നാണ് ദാരാസിങ്ങിന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം വാനിന് തീയിട്ട് സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്നത്.
Content Highlights: Supreme Court gives Odisha government a final deadline of September 2 to decide on Dara Singh's sentence remission., Court warns it will make the decision itself if the state fails to act., Dara Singh has been in prison for over 26 years for the murder of Australian missionary Graham Staines and his two sons., Odisha government cited pending background verification from Uttar Pradesh as the reason for delay.