തുർക്കിയെ നേരിടാൻ നാഗാസ്ത്ര വേണമെന്ന് സൈപ്രസ്; ആയുധ വില്‍പ്പന പരിഗണനയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്‌റ്റോഡൊലിഡെസും| AFP
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്‌റ്റോഡൊലിഡെസും| AFP

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് സൈപ്രസ്. തുര്‍ക്കിയുമായി തുടരുന്ന അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ സൈപ്രസ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗാസ്ത്ര, ഇസ്രയേല്‍-ഇന്ത്യന്‍ കമ്പനികള്‍ സംയുക്തമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്‌കൈ സ്‌ട്രൈക്കര്‍ എന്നീ ഡ്രോണുകള്‍ വാങ്ങാനാണ് സൈപ്രസ് താത്പര്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഓപ്പറേഷന്‍ സിന്ദൂരിൽ കൃത്യതയോടെ ലക്ഷ്യങ്ങള്‍ തകര്‍ത്ത ആയുധങ്ങളാണ് നാഗാസ്ത്രയും സ്‌കൈ സ്‌ട്രൈക്കറും. 

ലോയിറ്ററിങ് മ്യൂണിഷന്‍ വിഭാഗത്തില്‍ വരുന്ന ഡ്രോണുകളാണ് ഇവ രണ്ടും. ലക്ഷ്യം നിര്‍ണയിക്കാന്‍ വട്ടമിട്ട് പറന്ന് കൃത്യമായി ആക്രമിക്കുന്ന ഡ്രോണുകളാണ് ഇവ. ജയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കറെ തോയ്ബയുടെയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ ആയുധങ്ങളാണ് ഇവ രണ്ടും. ഇവയുടെ കൃത്യതയിലും പ്രകടനമികവിലും ആകൃഷ്ടരായാണ് സൈപ്രസ് മുന്നോട്ടുവന്നിരിക്കുന്നത്. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൈപ്രസില്‍നിന്ന് യാത്രയായത്‌. സൈപ്രസില്‍നിന്ന് ജി7 ഉച്ചകോടിക്കായി കാനഡയിലേക്കും ഉച്ചകോടി കഴിഞ്ഞ് ക്രൊയേഷ്യയിലേക്കും മോദി പോകും. മോദിയുടെ സന്ദര്‍ശനസമയത്ത് ആയുധ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചനകള്‍. 

തുര്‍ക്കിയുമായി ദീര്‍ഘകാലമായി സംഘര്‍ഷത്തിലാണ് സൈപ്രസ്. 1974-ൽ സൈപ്രസിന്റെ വടക്കന്‍ പ്രദേശങ്ങള്‍ തുര്‍ക്കിയുടെ പിന്തുണയോടെ തുര്‍ക്കി വംശജര്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ തുർക്കിയുമായുള്ള ബന്ധം ഉലഞ്ഞു. തുര്‍ക്കിയുടെ ബെയ്‌റാക്തര്‍ ഡ്രോണുകള്‍ ഉയര്‍ത്തുന്ന ഭീഷണി മറികടക്കാനാണ് ഇന്ത്യന്‍ ഡ്രോണുകളില്‍ സൈപ്രസ് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ആയുധങ്ങള്‍  ചെലവ് കുറഞ്ഞതായതിനാല്‍ സൈപ്രസിനേ സംബന്ധിച്ച് ആകര്‍ഷകവുമാണ്. നാഗാസ്ത്ര, സ്‌കൈ സ്‌ട്രൈക്കര്‍ എന്നീ ഡ്രോണുകള്‍ക്ക് പരമ്പരാഗത ക്രൂയിസ് മിസൈലുകളെ അപേക്ഷിച്ച് വില വളരെ കുറവാണ്. മാത്രമല്ല, 1000 കിലോ മീറ്ററോളം ദൂരത്തിലുള്ള ലക്ഷ്യങ്ങളിലേക്ക് ആക്രമിക്കാനും സാധിക്കും. 

ഇന്ത്യയും സൈപ്രസും കോമണ്‍വെല്‍ത്ത് രാജ്യങ്ങളാണ്. 1960-ലാണ് സൈപ്രസ് ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയത്. ഗ്രീക്ക് വംശജരും തുര്‍ക്കി വിമതരും തമ്മിലുള്ള തര്‍ക്കത്തില്‍ രാജ്യത്തിന്റെ ഒരുഭാഗം വിമതരുടെ സഹായത്തോടെ തുര്‍ക്കിയുടെ നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതിരോധ സഹായം.

നേരത്തെ സൈപ്രസിന് ഇന്ത്യ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ നല്‍കി സഹായിച്ചിട്ടുണ്ട്. ഇത്തവണ ആയുധ കച്ചവടത്തിലേക്ക് പോകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മറ്റൊരു തലത്തിലേക്കുയരും. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള രാജ്യമെന്ന നിലയില്‍ ആയുധ വില്‍പ്പന ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിക്ക് കൂടുതല്‍ വിശ്വാസ്യതയും നല്‍കും. 

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്താന് തുര്‍ക്കി ആയുധങ്ങള്‍ നല്‍കി സഹായിച്ചിരുന്നു. തുര്‍ക്കി നല്‍കിയ ഡ്രോണുകള്‍ ഉപയോഗിച്ചാണ് പാകിസ്താന്‍ ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, പാകിസ്താന്റെ ഡ്രോണുകള്‍ മുഴുവന്‍ ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്താന്റെ ഇലക്ട്രോണിക് പ്രതിരോധ സംവിധാനങ്ങളെ അതിജീവിച്ചാണ് നാഗാസ്ത്രയും സ്‌കൈസ്‌ട്രൈക്കറും ആക്രമണം നടത്തിയത്. ഭീകരവിരുദ്ധ നീക്കത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാതെ പാകിസ്താനെ പിന്തുണച്ചതിന് സൈപ്രസിലൂടെ ശക്തമായ സന്ദേശമാണ് ഇന്ത്യ തുര്‍ക്കിക്ക് നല്‍കുന്നത്.

Content Highlights: Cyprus seeks India`s Nagastra & Sky Striker drones to counter Turkish threats