കൂരിരുട്ടിൽ കരിമ്പൂച്ചയെ തപ്പാനാണ് ശ്രമം, മമ്മൂട്ടിക്കെതിരേപോലും പരാതികൊടുത്ത ആളാണ് ഷെർഷാദ്- ജയരാജൻ

എം.വി.ജയരാജന്‍ | ഫയല്‍ചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി
എം.വി.ജയരാജന്‍ | ഫയല്‍ചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി

കണ്ണൂർ: സിപിഎമ്മിലെ കത്തുവിവാദം രണ്ടു വ്യക്തികൾതമ്മിലുള്ള പ്രശ്നമാണെന്നും അതിൽ പാർട്ടിക്ക് പങ്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. രണ്ടുപേർ അന്യോന്യം വിഴുപ്പലക്കുമ്പോൾ പാർട്ടിക്കെന്ത് ചെയ്യാനാകുമെന്നും ജയരാജൻ ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 

'രാജേഷ് പത്ത് കോടി രൂപ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്. ഈ മാനനഷ്ടക്കേസിന് ശേഷം ഷെർഷാദ് തലശ്ശേരി കോടതിയിൽ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്. ഇവരെല്ലാവരും മാനമുള്ളവരാണല്ലോ. അപ്പോൾ അവർ അന്യോന്യം മാനനഷ്ടത്തിന് കേസ് കൊടുത്തതാണ്. ഇതിൽ വ്യക്തികളല്ലാതെ മറ്റൊരു പ്രശ്നവുമില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.

കൂരിരുട്ടിൽനിന്ന് കരിമ്പൂച്ചയെ തപ്പാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ ഒരൊറ്റയാളെയും ഭയപ്പെടുന്നില്ല. കമ്മ്യൂണിസ്റ്റുകാരുടെ കൈ ശുദ്ധമാണ്. മാധ്യമങ്ങൾ വഴിതെറ്റിപ്പോയെന്നും ജയരാജൻ പറഞ്ഞു. രാജേഷ് മോശക്കാരനാണെങ്കിൽ കോടതിയിൽനിന്ന് വിധിവരട്ടെ. മമ്മൂട്ടിക്കെതിരായി പോലും പരാതി നൽകിയ ആളാണ് ഷെർഷാദ്. വിഷയത്തിൽ പാർട്ടിയുടെ ഒരു നേതാവിനും പങ്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കത്തിന് പിന്നിൽ കണ്ണൂരിലെ പാർട്ടി നേതാവിന്റെ മകനാണ് എന്ന ആരോപണം ഉയരുന്നുണ്ടെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, കണ്ണൂരിലുള്ള പാർട്ടി നേതാവ് ഞാനല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പച്ചക്കള്ളം പറയുന്നതിന് അൽപ്പായുസ് മാത്രമാണ്. ഒരു പാർട്ടി നേതാവും ഇല്ല, ഒരു പാർട്ടി നേതാവിനും പങ്കില്ല. എല്ലാവരും ജനങ്ങൾക്കൊപ്പമാണ്. ഷെർഷാദിനെതിരേ മുൻഭാര്യ പരാതി നൽകിയിട്ടുണ്ട്. ഭാര്യയ്ക്ക് ചെലവിന് നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഏതെങ്കിലും ഒരു പാർട്ടി നേതാവ് സഹായിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തോട് (ഷെർഷാദ്) ഭാര്യയ്ക്ക് ചെലവിന് കൊടുക്കട്ടെ എന്നല്ലേ പറയുക, എം.വി. ജയരാജൻ പറഞ്ഞു. 

ഇതൊരു പാർട്ടി പ്രശ്നമല്ലെന്നും പാർട്ടിയുടെ ഒരു നേതാവും തെറ്റായ വഴിക്ക് ഈ കാര്യങ്ങളിൽ ഒരു പങ്കുംവഹിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക കേരള സഭ മുതൽക്കാണല്ലോ രാജേഷ് കൃഷ്ണയ്ക്ക് പ്രത്യേക പദവി ലഭിക്കുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, ലോക കേരള സഭയയിൽ ആരെല്ലാം വന്നിട്ടുണ്ട്. ലോക കേരള സഭയിൽ വന്ന ചിലർ പൊട്ടിപ്പൊളിഞ്ഞു പോയിട്ടുണ്ട്. അതെല്ലാം ഇപ്പോൾ നോക്കാൻ പോയാൽ എന്താകും എന്നും അദ്ദേഹം ചോദിച്ചു.

Content Highlights: CPM Kerala Letter Controversy: A Personal Dispute, Not Party Matter, Says M.V. Jayarajan