ഇടതുവോട്ടുകൾ ചോർന്നത് യു.ഡി.എഫിലേക്കെന്ന് സി.പി.ഐ.; വിശദീകരണം ദേശീയ കൗൺസിൽ യോഗത്തിൽ

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ വോട്ടുകൾ ചോർന്നത് ബി.ജെ.പി.യിലേക്കല്ല, യു.ഡി.എഫിലേക്കാണെന്ന് സി.പി.ഐ. വിലയിരുത്തൽ. ബി.ജെ.പി. മൂന്ന് സീറ്റുനേടിയത് ആശങ്കയുണർത്തുന്നെന്ന് പാർട്ടി ദേശീയ കൗൺസിൽ യോഗത്തിൽ വിമർശനമുയർന്നപ്പോഴാണ് കേരളഘടകത്തിന്റെ കണക്കുകൾ ദേശീയ സെക്രട്ടേറിയറ്റംഗം കെ. പ്രകാശ്ബാബു വിവരിച്ചത്.
ബിഹാർ, പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ബംഗാളിലും ത്രിപുരയിലും ബി.ജെ.പി.യിലേക്കുണ്ടായ ചോർച്ചയുടെ മാതൃക കേരളത്തിലുമുണ്ടായോയെന്ന സംശയമുയർത്തിയത്.
2001-ലാണ് കേരളത്തിൽ എൽ.ഡി.എഫിന് കനത്തതിരിച്ചടിയുണ്ടായതെന്ന് പ്രകാശ്ബാബു പറഞ്ഞു. 2001-ൽ യു.ഡി.എഫ്. 100 സീറ്റു നേടിയപ്പോൾ എൽ.ഡി.എഫ്. 40-ലൊതുങ്ങി. പക്ഷേ, 46.7 ശതമാനം വോട്ട് കിട്ടി. യു.ഡി.എഫിന് കിട്ടിയത് 48.5 ശതമാനമാണ്. ഇത്തവണ ഇടത് വോട്ടുവിഹിതം 37.5 ശതമാനമായി ഇടിഞ്ഞു. യു.ഡി.എഫിന്റേത് 46.4 ശതമാനം. വ്യത്യാസം 10 ശതമാനം. 2014 മുതൽ എൻ.ഡി.എ.യുടെ വോട്ട് വിഹിതം 14-16 ശതമാനമായതിനാൽ ഇടതുവോട്ടുകൾ ചോർന്നത് യു.ഡി.എഫിലേക്കെന്ന് വ്യക്തമാകുമെന്ന് പ്രകാശ്ബാബു പറഞ്ഞു.
2021-ൽ 46 ശതമാനം എൽ.ഡി.എഫും 39 ശതമാനം യു.ഡി.എഫും നേടിയത് ഇക്കുറി നേരേ തിരിയുകയും എൻ.ഡി.എ.യുടേതിൽ പത്ത് വർഷമായി കാര്യമായ മാറ്റമുണ്ടാകാതിരിക്കുകയും ചെയ്യുമ്പോൾ ഇടതുവോട്ട് ചോർച്ച യു.ഡി.എഫിലേക്കായിരുന്നെന്ന് വ്യക്തമാകുമെന്നാണ് സി.പി.ഐ. കണക്ക്.
2001-ൽ ഏഴ് സീറ്റുകിട്ടിയ സി.പി.ഐ.ക്ക് ഏഴുശതമാനത്തിലധികം വോട്ട് കിട്ടിയെങ്കിൽ എട്ട് സീറ്റുകിട്ടിയ ഇത്തവണ വോട്ട് 6.4 ശതമാനമായി താഴ്ന്നു.
Content Highlights: CPI national council confirms Left votes migrated to UDF. Rejection of claims regarding vote transfer to BJP. Statistical comparison of 2001 and current vote share percentages. Analysis of NDA's stable vote share over the last decade. CPI's internal assessment of seat-to-vote share ratio.