നാളെ മുതല്‍ മാനുവല്‍ ഡ്രില്ലിങ്; ക്രിസ്മസ് ആകുമ്പോഴേക്കും തൊഴിലാളികള്‍ വീടുകളിലെത്തുമെന്ന് അധികൃതർ

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു | Photo: AFP
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു | Photo: AFP

ഉത്തരകാശി: ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് കുടുങ്ങികിടക്കുന്ന 41 തൊഴിലാളികളും ക്രിസ്മസ് ആകുമ്പോഴേക്കും സ്വന്തം വീടുകളിലെത്തുമെന്ന ഉറപ്പുനല്‍കി ഇന്റര്‍നാഷണല്‍ ടണലിങ് എക്‌സ്‌പെര്‍ട്ട് അര്‍ണോള്‍ഡ് ഡിക്‌സ്. നമ്മള്‍ തിരക്കുകൂട്ടരുതെന്നും, തൊഴിലാളികളെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വീണ്ടും രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടതിനു പിന്നാലെയായിരുന്നു അര്‍ണോള്‍ഡ് ഡിക്‌സിന്റെ പ്രതികരണം. 

'ഡ്രില്ലിങ് മെഷീന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതിനപ്പുറത്തേക്ക് മെഷീന് ഒന്നും ചെയ്യാനാകില്ല. ഞങ്ങള്‍ മറ്റു മാര്‍ഗങ്ങള്‍ തേടുന്നുണ്ട്. 41 പേരെയും എങ്ങനെ സുരക്ഷിതമായി വീടുകളിലെത്തിക്കാമെന്നാണ് ഓരോ മാര്‍ഗത്തിലും ഞങ്ങള്‍ പരിശോധിക്കുന്നത്', അദ്ദേഹം പറഞ്ഞു. 

'തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ഒരു മാസം കൂടി സമയം വേണ്ടിവരും. അത് എന്നായിരിക്കുമെന്ന് എനിക്ക് കൃത്യമായി പറയാനാകില്ല. എന്നാല്‍ ക്രിസ്മസ് ആകുമ്പോഴേക്കും ഈ 41 പേരും വീട്ടിലെത്തുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്', അര്‍ണോള്‍ഡ് ഡിക്‌സ് കൂട്ടിച്ചേര്‍ത്തു. 

ഇതിനിടെ എത്രയും വേഗം തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ഉറപ്പുനല്‍കി. നാളെ മുതല്‍ മാനുവല്‍ ഡ്രില്ലിങ് തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റേയും സംസ്ഥാന സര്‍ക്കാരിന്‍റേയും കീഴിലുള്ള  എല്ലാ ഏജന്‍സികളിലെ ഉദ്യോഗസ്ഥരുമെല്ലാം പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എല്ലാവരും കഠിനമായി പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിലും തൊഴിലാളികളുടെ അവസ്ഥയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ദൗത്യം പൂര്‍ത്തിയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: Confident that workers are coming home safe by Christmas, says top expert involved in rescue ops