‘കോക്രോച്ച് പാർട്ടി’ക്ക് വൻ സ്വീകാര്യത; മഹുവ മൊയ്‌ത്രയും കീർത്തി ആസാദും ‘പാർട്ടി’യിൽ ചേർന്നു

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി.)ക്ക് സാമൂഹികമാധ്യമത്തിൽ വൻസ്വീകാര്യത. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്‌ത്രയും കീർത്തി ആസാദും തിങ്കളാഴ്ച ‘പാർട്ടി’യിൽ ചേർന്നു.
കഴിഞ്ഞയാഴ്ച കോടതി നടപടിക്കിടെയാണ് യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് (കോക്രോച്ച്) ഉപമിച്ചത്. ‘യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും ചിലർ സോഷ്യൽ മീഡിയ, ആർ.ടി.ഐ. ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. ഇവർ ‘കോക്രോച്ചു’കളും ‘പരാന്നഭോജികളു’മാണ്’ എന്നായിരുന്നു പരാമർശം.
ഇതിനെതിരേ സാമൂഹികമാധ്യമങ്ങളിൽ വലിയ വിമർശനമുയർന്നു. ഇതിനുപിന്നാലെ ‘എക്സി’ൽ തുടങ്ങിയ ‘കോക്രോച്ച് ജനതാ പാർട്ടി’ അക്കൗണ്ട് ആയിരക്കണക്കിന് ആളുകൾ ഫോളോചെയ്തു.
തന്റെ നിരീക്ഷണങ്ങൾ ചില മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചതാണെന്നും ഇന്ത്യയിലെ യുവാക്കളെയാകെ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചു.
Content Highlights: Chief Justice Surya Kant compared unemployed youth to cockroaches during court proceedings., The remarks sparked a satirical social media movement named 'Cockroach Janata Party' (CJP)., Trinamool Congress leaders Mahua Moitra and Kirti Azad joined the satirical party., The Chief Justice later clarified that his comments were misinterpreted and not directed at all youth.