പ്രതീക്ഷിച്ചപോലെ ആളെത്തിയില്ല, നേതാക്കൾ അറസ്റ്റിലായതോടെ വഴിമുട്ടി; സമരത്തുടർച്ചയിൽ പതറി സി.ജെ.പി.

ന്യൂഡൽഹി: മോദിസർക്കാരിനെ വിറപ്പിച്ച് കേന്ദ്രമന്ത്രിയെ രാജിവെപ്പിച്ച ആദ്യസമരത്തിന്റെ ആവേശത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി തെരുവിലിറങ്ങിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സമരത്തുടർച്ചയിൽ പതറുന്നു. പ്രതീക്ഷിച്ചപോലെ ആളെത്തിയില്ലെന്നു മാത്രമല്ല, നേതാക്കൾ അറസ്റ്റിലായതോടെ മുന്നോട്ടുപോക്കുതന്നെ വഴിമുട്ടിയ സ്ഥിതിയായി.
ഉത്സവകാലത്ത് തത്കാലത്തേക്ക് പ്രതിഷേധങ്ങൾ നിർത്തിവെക്കാൻ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ അണികളോടു പറഞ്ഞത് ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടതുകൊണ്ടാണ്. കൃത്യമായ ആസൂത്രണത്തോടെയും തയ്യാറെടുപ്പുകൾക്കുശേഷവും മാത്രമേ ഇനി വലിയൊരു സമരത്തിന് സി.ജെ.പി. ഇറങ്ങിപ്പുറപ്പെടുകയുള്ളൂ.
ധർമേന്ദ്രപ്രധാന്റെ രാജിക്ക് ജന്തർമന്തറിൽ രാപകൽ സമരമിരുന്നതിൽനിന്ന് വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ജന്തർമന്തറിനെത്തന്നെ സർക്കാർ അംഗീകൃത സമരകേന്ദ്രമല്ലാതാക്കി. സേനാവിന്യാസം അന്നത്തെക്കാൾ വർധിപ്പിച്ചെന്നു മാത്രമല്ല, നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നതും വ്യാപകമായി. സി.ജെ.പി. പ്രവർത്തകരെ ഏകോപിപ്പിക്കാൻ അതോടെ ആളില്ലാതായി.
ജന്തർമന്തറിൽ കടന്ന് പ്രതിഷേധിച്ച സൗരവിനെയും അശുതോഷിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 16-ന് ആഹ്വാനംചെയ്ത തിരംഗ മാർച്ചിന് മുമ്പായി ദീപ്കെയെ പിടികൂടിയപ്പോഴും ഇതാവർത്തിച്ചു. പുറത്തുള്ള നേതാക്കൾക്ക് അവസരത്തിനൊത്തുയരാനുമായില്ല. കൂടെയുള്ള ഇടതുസംഘടനകളുടെ ബലത്തിൽ പ്രതിഷേധങ്ങളരങ്ങേറിയെങ്കിലും സി.ജെ.പി.യുടെ ബാനറിൽ കാര്യമായൊരു പ്രതിഷേധംപോലും നടത്താൻ സാധിച്ചില്ല. ഇക്കാര്യത്തിലെ അതൃപ്തിയും ഏകോപനത്തിലെ പ്രശ്നങ്ങളും വിവിധ സംസ്ഥാനഘടകങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.പഴുതുകളടച്ചുള്ള ഉടച്ചുവാർക്കലിനുശേഷമേ സി.ജി.പി. വീണ്ടും രംഗത്തിറങ്ങൂ.
സൗരവിനെയും അശുതോഷിനെയും വാഴ്ത്തി ദീപ്കെ
ന്യൂഡൽഹി: മുഖം താനായിരുന്നെങ്കിലും സി.ജെ.പി.യുടെ നട്ടെല്ല് സൗരവ് ദാസും അശുതോഷ് റാങ്കയുമായിരുന്നെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. ഇരുവരെയും സഹോദരങ്ങളെന്ന് വിശേഷിപ്പിച്ചുള്ള വീഡിയോയും കുറിപ്പും ദീപ്കെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
Content Highlights: The Cockroach Janata Party temporarily suspended its protests demanding the Chief Election Commissioner's resignation after police crackdowns and the arrest of key leaders in New Delhi.