ഓപ്പറേഷന്‍ സിന്ദൂര്‍; 'ശത്രു ഒന്നായിരുന്നില്ല, മൂന്ന്, ചൈന പാകിസ്താനെ ആയുധ പരീക്ഷണശാലയാക്കി'

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ ചൈന, സാധ്യമായ എല്ലാ സഹായങ്ങളും പാകിസ്താന് നല്‍കിയിരുന്നെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് (കേപ്പബിലിറ്റി ഡെവലപ്‌മെന്റ് ആന്‍ഡ് സസ്റ്റെനന്‍സ്) ലെഫ്. ജനറല്‍ രാഹുല്‍ ആര്‍. സിങ്. ഡല്‍ഹിയില്‍ എഫ്‌ഐസിസിഐ സംഘടിപ്പിച്ച ന്യൂ ഏജ് മിലിട്ടറി ടെക്‌നോളജീസ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേയ് ഏഴാം തീയതി മുതല്‍ പത്താം തീയതി വരെയായിരുന്നു ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം നടന്നത്. ചൈന, തങ്ങളുടെ ആയുധങ്ങള്‍ മറ്റ് ആയുധങ്ങള്‍ക്കെതിരേ പരീക്ഷിക്കുകയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ചൈനീസ് മിലിട്ടറിയുടെ തത്സമയ പരീക്ഷണശാലയായി പാകിസ്താന്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട സൈനിക വിവരങ്ങള്‍ തത്സമയം ചൈന, പാകിസ്താന് കൈമാറിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഒരിടത്ത് (പടിഞ്ഞാറുഭാഗത്ത്) സംഘര്‍ഷം രൂപംകൊണ്ടപ്പോള്‍ അവിടെ മൂന്ന് എതിരാളികള്‍ (പാകിസ്താന്‍, ചൈന, തുര്‍ക്കി) ഉണ്ടായിരുന്നു. ചൈനയും തുര്‍ക്കിയും പാകിസ്താന്‍ സൈന്യത്തിന് സൈനികോപകരണങ്ങളും ഡ്രോണുകളും ലഭ്യമാക്കിയെന്നും ലെഫ്. ജനറല്‍ രാഹുല്‍ ആര്‍. സിങ് പറഞ്ഞു. പാകിസ്താന്‍ ഉപയോഗിക്കുന്ന സൈനികോപകരണങ്ങളില്‍ 81 ശതമാനവും ചൈനീസ് നിര്‍മിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: china used pakistan as a live lab to test their weapon says lt gen rahul r singh