ചെനാബ് പാലത്തിലൂടെ വന്ദേഭാരത് യാത്രയ്ക്ക് വൻ തിരക്ക്; 10 ദിവസത്തേക്കുള്ള ടിക്കറ്റുകൾ വിറ്റുതീർന്നു

Photo: PTI
Photo: PTI

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ചെനാബ് പാലത്തിലൂടെ വന്ദേഭാരത് ട്രെയിനിൽ യാത്രചെയ്യാനെത്തുന്നവരുടെ തിരക്ക് വർധിക്കുന്നു. ഇതിനകംതന്നെ അടുത്ത പത്ത് ദിവസത്തേക്കുള്ള ടിക്കറ്റുകൾ വിറ്റുപോയതായി അധികൃതർ അറിയിച്ചു. വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നുവെന്നാണ് റിപ്പോർട്ട്.

ലോകത്തെതന്നെ ഏറ്റവും ഉയരംകൂടിയ റെയിൽ പാലത്തിലൂടെ യാത്രചെയ്യാനും എഞ്ചിനീയറിങ് വിസ്മയം ആസ്വദിക്കാനും ആളുകൾ തിരക്കുകൂട്ടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൂന്നു മണിക്കൂർ നീളുന്ന യാത്ര ആസ്വദിക്കാനെത്തുന്നവരാണ് ഏറെയും. ശക്തമായ മഴയുടേയും മഞ്ഞുവീഴ്ചയുടേയും പശ്ചാത്തലത്തിൽ ശ്രീനഗർ- ജമ്മു ദേശീയപാത (എൻഎച്ച് 44) അടച്ചിരുന്നു. മഴ കനക്കുമ്പോൾ പലപ്പോഴും ഈ പാത അടച്ചിടാറുണ്ടെന്നാണ് റിപ്പോർട്ട്.

ജമ്മു ഡിവിഷനെ കശ്മീരുമായി നേരിട്ട് ബന്ധിപ്പിക്കുന്ന രണ്ട് വന്ദേഭാരത് എക്സ്പ്രസ്സുകളാണ് കത്ര റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തത്. തീവണ്ടി സർവീസ്‌ വന്നതോടെ കത്രയ്ക്കും ശ്രീനഗറിനും ഇടയിലുള്ള യാത്രാസമയത്തിൽ വലിയ കുറവുണ്ടായി. റോഡ് മാർഗം ഏഴുമണിക്കൂർ വേണ്ട സ്ഥാനത്ത് മൂന്നുമണിക്കൂറായാണ് കുറഞ്ഞത്.

ഒറ്റത്തൂണിൽ 96 കേബിളുകളുടെ കരുത്തിൽ നിൽക്കുന്ന രാജ്യത്തെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽവേപ്പാലമായ അൻജി ഖാദ് പാലവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ജമ്മു-കശ്മീരിലെ ഉധംപുർ-ശ്രീനഗർ-ബാരാമുള റെയിൽവേ ലിങ്ക് പദ്ധതിയുടെ ഭാഗമാണ് ചെനാബ്‌, അൻജി പാലങ്ങൾ.

ന്യൂഡൽഹിയെ കത്ര വഴി കശ്മീരുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കത്ര-സങ്കൽദാൻ പാതയുടെ ഭാഗമാണ് ചെനാബ് പാലം. നദീനിരപ്പിൽനിന്ന് 359 മീറ്റർ ഉയരം. നീളം 1.31 കിലോമീറ്റർ. ചെലവ് 1486 കോടി രൂപ. ലോകത്തെ ഉയരംകൂടിയ റെയിൽവേ ആർച്ച് പാലമാണിത്.

Content Highlights: World's Highest Rail Bridge Opens: Vande Bharat Tickets sold Out