പഞ്ചാബിൽ സസ്പെൻഡ് ചെയ്ത കോൺഗ്രസ് നേതാവിനെ വീട്ടിലെത്തി കണ്ട് ചന്നി, ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്

#ന്യൂസ് ഡെസ്ക്
ചരണ്‍ജിത്ത് സിങ് ചന്നി | Photo: PTI
ചരണ്‍ജിത്ത് സിങ് ചന്നി | Photo: PTI

മൊഹാലി: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ജലന്ധർ എം.പി.യുമായ ചരൺജിത് സിങ് ചന്നി, പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാവ് മദൻലാൽ ജലാൽപുരിന്റെ പട്യാലയിലെ വസതി സന്ദർശിച്ചു. അദ്ദേഹത്തിനെതിരായ നടപടി പിൻവലിക്കണമെന്ന് ചന്നി പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. പഞ്ചാബ് കോൺഗ്രസിലെ ഗ്രൂപ്പ് പോര് തുടരുന്നതിനിടെയാണ് ഈ നീക്കം.

അടുത്തിടെ പട്യാലയിലും സംഗ്രൂറിലും നടന്ന പാർട്ടി ജില്ലാ യൂണിറ്റ് പരിപാടികൾക്കിടയിൽ ചന്നിക്ക് അനുകൂലമായി മുദ്രാവാക്യങ്ങൾ ഉയർന്നുകേട്ടിരുന്നു. പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഭൂപേഷ് ബാഗേൽ, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ് എന്നിവർ പങ്കെടുത്ത പട്യാലയിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പരിപാടിയിൽനിന്ന് ചന്നി വിട്ടുനിൽക്കുകയും ചെയ്തു.

പാർട്ടി നേതൃത്വത്തിനെതിരെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് ചന്നി പക്ഷക്കാരനായി അറിയപ്പെടുന്ന ജലാൽപുരിനെ സസ്‌പെൻഡ് ചെയ്തത്. മദൻലാൽ ജലാൽപുർ തന്റെ സഹോദരനാണെന്നും അദ്ദേഹം പാർട്ടിയുടെ ഒരു മുതൽക്കൂട്ടാണെന്നും ഇത്തരം നേതാക്കളെ സംരക്ഷിക്കണമെന്നും ചന്നി പറഞ്ഞു. ഘനൗറിൽനിന്ന് രണ്ടുതവണ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ജലാൽപുർ, മുൻ എം.പി പ്രനീത് കൗറിന്റെയും ഡോ. ധരംവീര ഗാന്ധിയുടെയും വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് അമരീന്ദർ സിങ് രാജ വാറിങ്ങുമായും പാർട്ടി നേതൃത്വവുമായും താൻ ഈ വിഷയം നേരിട്ട് ഉന്നയിക്കുമെന്നും ചന്നി വ്യക്തമാക്കി. എല്ലാവരെയും ഒപ്പംകൂട്ടി ഒരു പൂച്ചെണ്ടുപോലെ നാം മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. 2027 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യം കെട്ടിപ്പടുക്കാൻ പ്രവർത്തിക്കുന്നുവെന്ന പാർട്ടി നേതൃത്വത്തിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്കിടയിലാണ് പഞ്ചാബ് കോൺഗ്രസിലെ വിഭാഗീയത വീണ്ടും പരസ്യമായിരിക്കുന്നത്.

Content Highlights: Charanjit Singh Channi advocates for the reinstatement of suspended leader Madan Lal Jalalpur., Internal factionalism persists within the Punjab Congress despite leadership efforts.