സിംഹവിവാദം: സീത ക്ഷേത്രത്തിലിരിക്കട്ടെ, കാട്ടില്‍ വേണ്ടെന്ന് VHP; മാനസികാവസ്ഥയാണ് പ്രശ്നമെന്ന് കോടതി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ പെണ്‍സിംഹത്തിന് സീതയെന്ന് പേരിട്ടതിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നല്‍കിയ കേസ് പരിഗണിച്ച് കല്‍ക്കട്ട ഹൈക്കോടതി. 'സീത' ക്ഷേത്രത്തിലിരിക്കട്ടെയെന്നും കാട്ടിലല്ല വേണ്ടതെന്നും വി.എച്ച്.പി. കോടതിയില്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ വ്യക്തിയുടെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നുവെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കോടതിയില്‍ കേട്ടത്
വി.എച്ച്.പി. അഭിഭാഷകന്‍: സിംഹത്തിന് പേരിട്ടതുമായി ബന്ധപ്പെട്ട കേസാണ് ഇത്. മൃഗശാലാ അധികൃതരെ കൂടി ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജസ്റ്റിസ് സൗഗത ഭട്ടാചാര്യ: പേരിട്ടതുമായി ബന്ധപ്പെട്ടോ?
അഭിഭാഷകന്‍: അതെ, സിംഹത്തിന് പേരിട്ടത്.
ജസ്റ്റിസ്: സിംഹമോ? അതിപ്പോള്‍ എവിടെയാണുള്ളത്?
അഭിഭാഷകന്‍: ബംഗാളിലെ സഫാരി പാര്‍ക്കില്‍.
ജസ്റ്റിസ്: അപ്പോള്‍ നിങ്ങള്‍ സിംഹത്തിന് പേരിട്ടതിനെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. എങ്ങനെയാണ് അതിന് പേരിട്ടത്?
അഭിഭാഷകന്‍: ആ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. മൃഗശാലാ അധികൃതര്‍ പറയുന്നു അവരല്ല പേരിട്ടതെന്ന്.
ജസ്റ്റിസ്: എനിക്ക് കൃത്യമായി മനസിലായില്ല. ഞാന്‍ വിചാരിച്ചത് 'ഭൂമി' (Land) ആണെന്നാണ്, സിംഹം (Lion) എന്നല്ല. ഭൂമിയുടെ വര്‍ഗീകരണമെന്നാണ് ഞാന്‍ കരുതിയത്.
അഭിഭാഷകന്‍: ചിലപ്പോള്‍ നമുക്ക് ദൈനംദിന കാര്യങ്ങളില്‍ നിന്ന് മാറി ചിന്തിക്കേണ്ടിവരും. അതിനാല്‍ ഞാന്‍ കരുതി ദേശീയമൃഗമായ സിംഹത്തെ കുറിച്ച് സംസാരിക്കാമെന്ന്.
ജസ്റ്റിസ്: ഞാന്‍ ഹര്‍ജി പരിശോധിക്കട്ടെ.
അഭിഭാഷകന്‍: മൃഗങ്ങള്‍ക്ക് ദൈവങ്ങളുടെ പേരിടാന്‍ പാടില്ല എന്നാണ് ഞങ്ങളുടെ ആവശ്യം.
ജസ്റ്റിസ്: അതെങ്ങനെയാണ് വിഷയമാകുന്നത്?
അഭിഭാഷകന്‍: അത് വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ്.
ജസ്റ്റിസ്: പക്ഷേ, പേരിട്ടത് സ്‌നേഹം കൊണ്ടും ആകാം.
അഭിഭാഷകന്‍: സ്‌നേഹത്തിന്റെ പേരില്‍ എനിക്ക് ആരേയും അപകീര്‍ത്തിപ്പെടുത്താന്‍ കഴിയില്ല.
ജസ്റ്റിസ്: അത് ഓരോ വ്യക്തിയുടേയും മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കും.
അഭിഭാഷകന്‍: ഇത് അപകീര്‍ത്തികരമാണ്. നാളെ ആരെങ്കിലും ഒരു കഴുതയ്ക്ക് ദൈവത്തിന്റെ പേരിട്ടാലോ?
ജസ്റ്റിസ്: സിംഹത്തിന് സീതയെന്നാണ് പേരിട്ടത്. എന്താണ് പ്രശ്‌നം?
അഭിഭാഷകന്‍: ഞങ്ങള്‍ സീതയെ ആരാധിക്കുന്നു. സീത ക്ഷേത്രത്തിലിരിക്കട്ടെ; കാട്ടിലല്ല.
ജസ്റ്റിസ്: പക്ഷേ സിംഹം ദുര്‍ഗാദേവിയുടെ കാല്‍ക്കല്‍ ഉണ്ട്. ദുര്‍ഗാപൂജയ്ക്കിടെ നമ്മള്‍ സിംഹങ്ങളെ ആരാധിക്കാറുണ്ട്.
അഭിഭാഷകന്‍: ഇല്ല. അത്തരം മന്ത്രങ്ങളൊന്നുമില്ല. ഞാന്‍ താങ്കളുടെ ശ്രദ്ധയെ പുരാണങ്ങളിലേക്ക് കൊണ്ടുപോകാം.
ജസ്റ്റിസ്: തീര്‍ച്ചയായും. ഞാന്‍ താങ്കളെ കേള്‍ക്കാന്‍ തയ്യാറാണ്.
അഭിഭാഷകന്‍: എന്തിനാണ് ദുര്‍ഗാദേവിക്ക് 10 കൈകള്‍? നന്മയ്ക്കുമേല്‍ തിന്മയുടെ വിജയമെന്ന തരത്തിലാണ് നമ്മള്‍ ദുര്‍ഗയെ ചിത്രീകരിക്കാറ്. തിന്മയെ 10 വശങ്ങളില്‍ നിന്നും ആക്രമിക്കണം. അസുരനെ കൊല്ലാന്‍ നമുക്ക് മൃഗങ്ങളുടെ ശക്തി വേണം. അതുകൊണ്ടാണ് ദുര്‍ഗയുടെ കാല്‍ക്കല്‍ സിഹമുള്ളത്.
ജസ്റ്റിസ്: സിംഹം ഒപ്പമില്ലാത്ത ദുര്‍ഗയെക്കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാനാകുമോ?
അഭിഭാഷകന്‍: പലതരം വ്യാഖ്യാനങ്ങളുണ്ട്.
ജസ്റ്റിസ്: അതായത് ഇത്തരം കാര്യങ്ങള്‍ രാജ്യത്തെ പൗരന്മാരുടെ കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കുന്നു എന്ന്. പേരില്‍ എന്തുകൊണ്ടാണ് പ്രശ്‌നമാകുന്നത്?
അഭിഭാഷകന്‍: ആരാണ് സിംഹത്തിന് പേരിട്ടത്? എല്ലാവരും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. പേര് എങ്ങനെ വന്നുവെന്ന് അറിയേണ്ടതുണ്ട്?
ജസ്റ്റിസ്: ആരാണ് സിംഹത്തിന് പേരിട്ടത്?
അഭിഭാഷകന്‍: ബംഗള്‍ പറയുന്നു തങ്ങള്‍ അല്ലെന്ന്. ത്രിപുര പറയുന്നു തങ്ങളും അല്ലെന്ന്.
ജസ്റ്റിസ്: ഹര്‍ജിക്കാരുടെ താത്പര്യം എന്താണ്? നിങ്ങള്‍ പൊതുതാത്പര്യഹര്‍ജി നല്‍കൂ.
അഭിഭാഷകന്‍: എന്റെ മതവികാരം വ്രണപ്പെട്ടു.
ജസ്റ്റിസ്: അക്കാര്യത്തില്‍ റിട്ട് ഹര്‍ജി എങ്ങനെ നിലനില്‍ക്കും?
അഭിഭാഷകന്‍: മതസ്വാതന്ത്ര്യത്തിനുള്ള എന്റെ അവകാശം ലംഘിക്കപ്പെട്ടാല്‍ എനിക്ക് കോടതിയെ സമീപിക്കാം.
ജസ്റ്റിസ്: നിങ്ങളുടെ അവകാശത്തെ ബാധിച്ചാല്‍ മാത്രം.
അഭിഭാഷകന്‍: എന്താണ് നടക്കുന്നതെന്ന് കോടതി കണ്ടെത്തട്ടെ.
ജസ്റ്റിസ്: വ്യക്തിയുടെ അവകാശം ലംഘിക്കപ്പെട്ടാല്‍ ഞങ്ങള്‍ അത് പരിഗണിക്കും. മതപരമായ കാര്യങ്ങള്‍ പറയാനാണ് ഹര്‍ജിക്കാരന്‍ വന്നതെങ്കില്‍ അത് നേരിട്ടുള്ള അവകാശലംഘനമാകുമോ?
അഭിഭാഷകന്‍: പരോക്ഷമായാണെങ്കില്‍ പോലും അതിന് പരിഹാരമുണ്ട്.
ജസ്റ്റിസ്: ഉണ്ട്. പക്ഷേ അതൊരു പൊതുതാത്പര്യ ഹര്‍ജി വഴിയാണ്.
അഭിഭാഷകന്‍: ഞാന്‍ ത്രിപുര മൃഗശാലാ അധികൃതരെ കൂടി പ്രതിചേര്‍ക്കട്ടെ?
ജസ്റ്റിസ്: ഇതൊരു പൊതുതാത്പര്യ ഹര്‍ജിയാക്കിയ ശേഷം ആ ബെഞ്ച് ഇത് കേള്‍ക്കട്ടെ എന്ന് ഞാന്‍ പറയും.
Related News: പെണ്‍സിംഹമായ 'സീത'യെ പാർപ്പിച്ചത് ആണ്‍സിംഹമായ 'അക്ബറി'നൊപ്പം!; ബംഗാൾ വനംവകുപ്പിനെതിരെ VHP ഹൈക്കോടതിയില്‍
അഭിഭാഷകന്‍: 226 പ്രകാരമുള്ള എന്റെ റിട്ട് പരാതി എങ്ങനെ നിലനില്‍ക്കുമെന്ന് തെളിയിക്കാനായി വീണ്ടും വരാന്‍ എന്നെ അനുവദിക്കണം.
ജസ്റ്റിസ്: സിംഹത്തിന് പേരിട്ടത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു സംഘടന മുന്നോട്ട് വന്നിരിക്കുന്നു. ഇതൊരു പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കപ്പെടാവുന്നതാണ്.
അഭിഭാഷകന്‍: സിംഹത്തെ കൊണ്ടുവന്നത് ത്രിപുരയിലെ മൃഗശാലയില്‍ നിന്നാണ്. കൈമാറുന്ന സമയത്ത് പേരില്ലായിരുന്നു. പിന്നീടാണ് പത്രങ്ങളില്‍ വാര്‍ത്ത വന്നത്. ആണ്‍സിംഹത്തിന് അക്ബര്‍ എന്നും പെണ്‍സിംഹത്തിന് സീതയെന്നും പേരിട്ടുവെന്ന്. മൃഗശാലാ അധികൃതരോട് ചോദിച്ചപ്പോള്‍ അവരല്ല പേരിട്ടതെന്ന് പറഞ്ഞു. മാധ്യമങ്ങള്‍ പറയുന്നു പേരിട്ടതിന്റെ രേഖകള്‍ കൈവശമുണ്ടെന്ന്. പിന്നീട് മൃഗശാലാ അതോറിറ്റി മെമ്മോ നല്‍കിയതായി വാര്‍ത്ത വന്നു. അതിന് ശേഷമാണ് റിട്ട് ഹര്‍ജി വരുന്നത്. പേരിട്ടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞതായും വാര്‍ത്തകള്‍ വന്നു.
ജസ്റ്റിസ്: (സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനോട്): റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നിങ്ങൾ പേരിട്ടതല്ല എങ്കില്‍ ഇതില്‍ പരിഗണിക്കാന്‍ ഒന്നുമില്ല. പേരിട്ടതാണെങ്കില്‍ ഹര്‍ജി പരിഗണിക്കും. ഇതില്‍ ആശയക്കുഴപ്പമുണ്ട്. നിങ്ങള്‍ നിര്‍ദേശവുമായി വന്നാല്‍ നമുക്ക് നോക്കാം. റിട്ട് ഹര്‍ജി കേട്ടുകഴിഞ്ഞു. പെണ്‍സിംഹത്തിന് സീത എന്ന് പേരിട്ടത് ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാണ് ഹര്‍ജിക്കാരുടെ പരാതി. ഹര്‍ജി നിലനില്‍ക്കില്ലെന്നും ഇതൊരു പൊതുതാത്പര്യഹര്‍ജിയായി മാത്രമേ പരിഗണിക്കാന്‍ കഴിയൂവെന്നുമാണ് സംസ്ഥാനസര്‍ക്കാര്‍ പറയുന്നത്. പരാതിക്കാരുടെ ആരോപണത്തിന്മേല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനസര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു.
Content Highlights: Calcutta High Court heard VHP's plea claiming naming lioness 'Sita' hurt religious sentiments.