ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനത്തിലെ പൈലറ്റുമാർക്ക് ഭക്ഷ്യവിഷബാധ; അന്വേഷണം ആരംഭിച്ചു

#News Desk
ബ്രിട്ടീഷ് എയർവെയ്സ് വിമാനം - പ്രതീകാത്മക ചിത്രം | Photo: facebook.com/britishairways
ബ്രിട്ടീഷ് എയർവെയ്സ് വിമാനം - പ്രതീകാത്മക ചിത്രം | Photo: facebook.com/britishairways

ഹൈദരാബാദ്‌: ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തിലെ മൂന്ന് പൈലറ്റുമാർക്ക് ആകാശത്തുവെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ ബ്രിട്ടീഷ് എയർവെയ്‌സ് അന്വേഷണം ആരംഭിച്ചു. ഇവർക്ക് ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റതാണ് (Food Poisoning) കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൈദരാബാദിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബിഎ276 വിമാനത്തിലാണ് സംഭവം നടന്നത്. ഹൈദരാബാദിൽ താമസിച്ച ശേഷം യാത്രതിരിച്ച പൈലറ്റുമാർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.

വിമാനം ഏകദേശം 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് പൈലറ്റുമാരിൽ ഒരാൾക്ക് ഗുരുതരമായ അസ്വസ്ഥത അനുഭവപ്പെട്ടത്. ഇദ്ദേഹത്തിന് വിമാനത്തിനുള്ളിൽ വെച്ച് ഓക്സിജൻ നൽകേണ്ടി വന്നുവെന്നും ലണ്ടനിൽ ഇറങ്ങിയ ഉടൻ വൈദ്യസഹായം തേടിയെന്നുമാണ് റിപ്പോർട്ട്. മറ്റ് രണ്ട് പൈലറ്റുമാർക്കും സമാനമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർക്ക് വിമാനം സുരക്ഷിതമായി ലണ്ടനിൽ ഇറക്കാൻ കഴിഞ്ഞു.

ഹൈദരാബാദിലെ ഹോട്ടലിൽ വെച്ച് ഇവർ മൂന്നുപേരും ഒരുമിച്ച് പ്രഭാതഭക്ഷണം കഴിച്ചിരുന്നതായി സൂചനയുണ്ട്. കൂടാതെ, പുറത്തുനിന്നുള്ള ഒരു കമ്പനി വിതരണം ചെയ്ത കുപ്പിവെള്ളവും ഇവർ കുടിച്ചിരുന്നു. ഇതാണോ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്ന് പരിശോധിച്ചുവരികയാണ്.

തങ്ങളുടെ ജീവനക്കാരുടെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് പ്രസ്താവനയിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ഹൈദരാബാദിലെ പൈലറ്റുമാരുടെ താമസസൗകര്യങ്ങളും ഹോട്ടൽ ക്രമീകരണങ്ങളും കമ്പനി പുനഃപരിശോധിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു. സംഭവത്തിൽ പൈലറ്റുമാർ എയർ സേഫ്റ്റി റിപ്പോർട്ട് നൽകിയിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Content Highlights: British Airways initiated an investigation after three pilots suffered mid-air food poisoning on flight BA276 from Hyderabad to London, requiring oxygen support at 30,000 feet before safely landing the aircraft at Heathrow Airport.