സ്ത്രീധനമോ വരന്റെ അമിതവണ്ണമോ, വിവാഹം റദ്ദാക്കാന്‍ കാരണമെന്ത്? പരസ്പരം ആരോപണങ്ങളുമായി വധുവും വരനും

#ന്യൂസ് ഡെസ്ക്
വധുവും വരനും | Photo Courtesy: x.com/Kumargupta2207 & x.com/nbh24official
വധുവും വരനും | Photo Courtesy: x.com/Kumargupta2207 & x.com/nbh24official

ലഖ്‌നൗ: സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വധു വിവാഹത്തില്‍നിന്ന് പിന്മാറിയ സംഭവത്തില്‍ ആരോപണങ്ങളുമായി വരനും കുടുംബവും രംഗത്ത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിലാണ് വരനും വീട്ടുകാരും വിശദീകരണവുമായി രംഗത്തെത്തിയത്. വധുവിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും വധുവും വീട്ടുകാരും തങ്ങളെ ബന്ദികളാക്കി വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കവര്‍ന്നെന്നും വരനായ 29-കാരന്‍ ആരോപിച്ചു.

വെള്ളിയാഴ്ചയാണ് ബറേലിയില്‍ നടന്ന വിവാഹചടങ്ങിനിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വരനും കൂട്ടരും വിവാഹചടങ്ങിലേക്ക് എത്തിയതിന് പിന്നാലെയാണ് വധു വിവാഹത്തില്‍നിന്ന് പിന്മാറുന്നതായി അറിയിച്ചത്. വരനും വീട്ടുകാരും 20 ലക്ഷം രൂപയും പുതിയ കാറും സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും ഇതോടെയാണ് താന്‍ വിവാഹത്തില്‍നിന്ന് പിന്മാറുന്നതെന്നുമാണ് യുവതി അവകാശപ്പെട്ടിരുന്നത്. ഇതിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് സംഭവത്തില്‍ തന്റെ ഭാഗം വ്യക്തമാക്കി 29-കാരനായ വരന്‍ രംഗത്തെത്തിയത്. സ്ത്രീധനം ചോദിച്ചെന്ന വാദം നാടകമാണെന്നും തന്റെ അമിതവണ്ണം കാരണമാണ് വധു വിവാഹത്തില്‍നിന്ന് പിന്മാറിയതെന്നുമാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. അമിതവണ്ണമുള്ളതിനാല്‍ യുവതിക്ക് തന്നെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലായിരുന്നു. വിവാഹചടങ്ങിനായി വധുവിന്റെ വീട്ടിലെത്തിയ തന്നെയും വീട്ടുകാരെയും വധുവിന്റെ വീട്ടുകാര്‍ ബന്ദികളാക്കി. തങ്ങളുടെ വിലപിടിപ്പുള്ള പലതും കവര്‍ന്നു. മാത്രമല്ല, വധുവിന്റെ വീട്ടുകാര്‍ തന്റെ ശരീരപ്രകൃതിയെക്കുറിച്ച് പരിഹസിച്ചെന്നും വരന്‍ പറഞ്ഞു.

വിവാഹനിശ്ചയം കഴിഞ്ഞത് മുതല്‍ വധുവിന്റെ വീട്ടുകാര്‍ തന്നെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തന്റെ ശരീരപ്രകൃതിയില്‍ കുഴപ്പമില്ലെന്നും വിവാഹത്തിന് സമ്മതമാണെന്നുമാണ് വധു പറഞ്ഞിരുന്നത്. വിവാഹത്തിന് മുന്‍പ് തങ്ങള്‍ രണ്ടുപേരും ഒരുമിച്ച് പലയിടങ്ങളിലും പോവുകയുംചെയ്തു. പക്ഷേ, വിവാഹദിവസം വധുവിന്റെ പെരുമാറ്റം അപ്രതീക്ഷിതമായിരുന്നു. താന്‍ തടിച്ചയാളാണെന്നും വിവാഹത്തിന് സമ്മതമല്ലെന്നും വധു പറഞ്ഞു. സ്ത്രീധനം ചോദിച്ചെന്ന വാദം നാടകമാണെന്നും വിവാഹത്തിന് ചെലവാക്കിയ പണം തിരികെകിട്ടാനാണ് വധുവിന്റെ വീട്ടുകാര്‍ ഈ നാടകം കളിക്കുന്നതെന്നും വരന്‍ ആരോപിച്ചു. ഇപ്പോള്‍ 50 ലക്ഷം രൂപയാണ് ഒത്തുതീര്‍പ്പിനായി അവര്‍ ആവശ്യപ്പെടുന്നതെന്നും ഫാഷന്‍ ഡിസൈനറായ യുവാവ് വെളിപ്പെടുത്തി.

യുവതിയുടെ പരാതിയില്‍ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തില്‍ 20 ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ടെന്ന വാദത്തിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍, കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, വിവാഹഘോഷയാത്രയ്ക്കിടെ വരന്‍ ഉറങ്ങിപ്പോയത് കണ്ട് ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് വധുവിന്റെ വീട്ടുകാര്‍ക്ക് സംശയം തോന്നിയെന്നും ഇതാണ് തുടര്‍സംഭവങ്ങളിലേക്ക് നയിച്ചതെന്നും ചില പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Content Highlights: A shocking wedding drama in Bareilly: Bride accuses groom`s family of demanding dowry. Groom counters, citing her discomfort with his weight and alleged robbery.