നെട്ടുകാല്‍ത്തേരിയില്‍ നിര്‍മിക്കുക പുതുതലമുറ ബ്രഹ്‌മോസ്; പ്രതിരോധ കയറ്റുമതിയിലെ കുതിപ്പും ലക്ഷ്യം

തിരുവനന്തപുരം: ബ്രഹ്‌മോസ് മിസൈലിന്റെ പുതുതലമുറ പതിപ്പുകള്‍ നെട്ടുകാല്‍ത്തേരിയില്‍ നിര്‍മിക്കുമെന്നാണ് സൂചന. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ബ്രഹ്‌മോസ് മിസൈലിന് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ പ്രാധാന്യം വന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളിലൊന്നായാണ് പ്രതിരോധ വിദഗ്ധര്‍ ബ്രഹ്‌മോസിനെ വിലയിരുത്തുന്നത്.
ദക്ഷിണ, മധ്യപൂര്‍വ ഏഷ്യന്‍ രാജ്യങ്ങളും ആഫ്രിക്കയിലെയും വടക്കേ അമേരിക്കയിലെയും ഇന്ത്യയുടെ സൗഹൃദരാഷ്ട്രങ്ങളും ബ്രഹ്‌മോസ് മിസൈലില്‍ ആകൃഷ്ടരാണ്. 10 മീറ്റര്‍ നീളമുള്ള, 2000 കിലോഗ്രാമില്‍ത്താഴെ ഭാരമുള്ള ഇത്തരം ഒന്നിലധികം മിസൈലുകള്‍ ഒരു യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാമെന്നതാണ് പ്രത്യേകത. ഇന്ത്യ-റഷ്യന്‍ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് എയ്റോസ്പെയ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ബിഎപിഎല്‍) ഉപകേന്ദ്രം തിരുവനന്തപുരത്ത് ചാക്കയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രഹ്‌മോസ് മിസൈലുകളുടെ പുറംചട്ടയായ കണ്ടെയ്നര്‍ യൂണിറ്റിന്റെ രൂപകല്‍പ്പനയും എയര്‍ബോണ്‍ ലോഞ്ചറിന്റെ നിര്‍മാണവും തിരുവനന്തപുരത്തെ ഉപകേന്ദ്രത്തിലാണ്.
തിരുവനന്തപുരത്ത് വരും ബ്രഹ്‌മോസ് എയ്റോസ്പെയ്സ്
ന്യൂഡല്‍ഹി: തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിന്റെ 180 ഏക്കര്‍ ബ്രഹ്‌മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റിന് കൈമാറാന്‍ സുപ്രീംകോടതി അനുമതി നല്‍കി. തുറന്ന ജയിലുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിഗണിക്കുന്ന കേസില്‍ കേരളസര്‍ക്കാര്‍ നല്‍കിയ ഇടക്കാല അപേക്ഷയിലാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സ് ട്രിവാന്‍ഡ്രം ലിമിറ്റഡിന് (ബിഎടിഎല്‍) ഭൂമി നല്‍കുക വഴി രാജ്യസുരക്ഷയ്ക്കും പ്രതിരോധ വളര്‍ച്ചയ്ക്കും നേരിട്ട് സംഭാവനചെയ്യാന്‍ സാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.
കേന്ദ്ര സായുധ പോലീസ് സേനയായ സശസ്ത്ര സീമാ ബലിന് (എസ്എസ്ബി) 45 ഏക്കറും കേന്ദ്ര ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാലയ്ക്ക് 32 ഏക്കറും നല്‍കാന്‍ അനുവദിക്കണമെന്ന അപേക്ഷയും കോടതി അംഗീകരിച്ചു.
പദ്ധതികള്‍ക്ക് സ്ഥലം നല്‍കുന്നത് ജയിലിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് സ്റ്റാന്‍ഡിങ് കോണ്‍സെല്‍ നിഷെ രാജന്‍ ശങ്കര്‍ വഴി നല്‍കിയ അപേക്ഷയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ ഫൊറന്‍സിക് സയന്‍സസ് സര്‍വകലാശാലയില്‍ സൈബര്‍ പ്രതിരോധ കേന്ദ്രങ്ങള്‍, ഫൊറന്‍സിക് ഇനവേഷന്‍ കേന്ദ്രങ്ങള്‍ എന്നിവയുമുണ്ടാകും. എസ്എസ്ബി ബറ്റാലിയന്‍ വരുന്നതോടെ കേന്ദ്ര സായുധ പോലീസ് സേനയുടെ സ്ഥിരം സാന്നിധ്യം കേരളത്തിലുണ്ടാകും.
Content Highlights: India to produce next-gen BrahMos missiles in Nettukaltheri, Kerala. Boost for defense exports and international prominence of this advanced weapon system. Discover more!