പത്ത് കോടി പുതിയ അംഗങ്ങളെ ലക്ഷ്യം വെച്ച് ബി.ജെ.പി., പുതിയ അധ്യക്ഷനേയും തിരഞ്ഞെടുത്തേക്കും

ന്യൂഡൽഹി: അംഗത്വകാലത്തിന്റെ ഭാഗമായി പാർട്ടിയിലേക്ക് 10 കോടി പുതിയ അംഗങ്ങളെ ചേർക്കാൻ ബിജെപി. സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന അംഗത്വകാലത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് ചേർക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.
അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് ചേർക്കില്ല. ശനിയാഴ്ച നടന്ന ദേശീയ- സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ വെച്ചായിരുന്നു തീരുമാനം എടുത്തത്. ബിജെപി അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
പുതിയ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായാണ് പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് ചേർക്കുക. നഡ്ഡയുടെ കാലാവധി നേരത്തേ അവസാനിച്ചിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അദ്ദേഹത്തോട് തുടരാൻ നിർദേശിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ സെപ്റ്റംബർ ഒന്ന് മുതൽ നവംബർ 10 വരെ ആയിരിക്കും അംഗത്വകാലം. മിസ് കോൾ, പാർട്ടി വെബ്സൈറ്റ്, മറ്റു ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പാർട്ടിയിൽ അഗത്വമെടുക്കാൻ സാധിക്കുമെന്ന് പാർട്ടി വക്താവ് സംബിത് പാത്ര പറഞ്ഞു.
Content Highlights: BJP targets enrolling 10 crore members