യു.പിയിൽ ഹിന്ദുവോട്ടർമാരെ നീക്കിയെന്ന വാദം; വോട്ടർമാരെ ചേർക്കാനുള്ള അടിയന്തര പരിപാടിയുമായി ബി.ജെ.പി.

ന്യൂഡൽഹി: ഉത്തർപ്രദേശിൽ എസ്.ഐ.ആറിലൂടെ 1.27 കോടി ഹിന്ദുവോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കിയെന്നും മുസ്ലിംവോട്ടർമാർ 1.65 ശതമാനം കൂടിയെന്നുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിന് പിന്നാലെ വോട്ടർമാരെ ചേർക്കാനുള്ള അടിയന്തര പരിപാടിയുമായി ബി.ജെ.പി.
ഇപ്പോൾ നടക്കുന്ന പ്രത്യേക വോട്ടർപട്ടിക പുതുക്കലിന്റെ (എസ്.എസ്.ആർ.) ഭാഗമായി ഓരോ പോളിങ് ബൂത്തിലും കുറഞ്ഞത് 50 പേരെയെങ്കിലും പുതുതായി ഉൾപ്പെടുത്താൻ യോഗിയുടെ സാന്നിധ്യത്തിൽ ചേർന്ന ബി.ജെ.പി. ഭാരവാഹികളുടെ യോഗം നിർദേശിച്ചു. ഓരോ മണ്ഡലത്തിലും 10,000 മുതൽ 25,000 വരെ വോട്ടർമാരെയെങ്കിലും കൂടുതലായി ഉറപ്പാക്കിയിരിക്കണം. യോഗി പറഞ്ഞ 1.27 കോടിയെന്ന കണക്കനുസരിച്ച് നോക്കിയാൽ യു.പി.യിൽ ഓരോ മണ്ഡലത്തിലും കുറഞ്ഞത് 31,000 വോട്ടർമാരെങ്കിലും ഒഴിവാക്കപ്പെട്ടിരിക്കും.
സംസ്ഥാനത്ത് 403 മണ്ഡലങ്ങളാണ് ആകെ.എസ്.എസ്.ആറിന്റെ ഭാഗമായ കരടുപട്ടിക ഈ മാസം 17-ന് പ്രസിദ്ധീകരിക്കും. അതിനുപിന്നാലെ നവംബർ 20 മുതൽ ബി.ജെ.പി. പ്രവർത്തകർ വോട്ടുചേർക്കലിനായി രംഗത്തിറങ്ങും. 1.27 കോടി പേരും തിരിച്ചെത്തിയില്ലെങ്കിലും 40 മുതൽ 80 ലക്ഷംവരെ വോട്ടർമാരെ പട്ടികയിൽ തിരിച്ചെത്തിക്കാനായാൽ വിജയമായെന്ന് ലഖ്നൗവിൽ ചേർന്ന യോഗത്തിൽ പാർട്ടിയുടെ മുതിർന്നനേതാവ് പറഞ്ഞു. സ്പെഷ്യൽ ഡ്രൈവിലേക്കിറങ്ങും മുൻപ് ഈ മാസം 19-ന് ജില്ലാ, നിയോജകമണ്ഡലം തല യോഗങ്ങളും വിളിച്ചുചേർത്തിട്ടുണ്ട്.
കരടുപട്ടികയിൽ ഡിസംബർ 16 വരെ പരാതികളറിയിക്കാം. ഇക്കാലയളവിൽ ആളുകളെ പരമാവധി ഉൾപ്പെടുത്തുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം. ജനുവരി നാലിനാണ് യു.പി.യിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക. യോഗിക്കുപുറമേ ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരിയും യോഗത്തിനെത്തി.
ഭീതി പരത്താനുള്ള ശ്രമമെന്ന് അഖിലേഷ്
അതേസമയം, യോഗിയുടെ വാദത്തിൽ രൂക്ഷവിമർശനവുമായി സമാജ് വാദി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. 1.27 കോടി ഹിന്ദുവോട്ടർമാർ ഒഴിവാക്കപ്പെട്ടെന്ന ആരോപണത്തിലൂടെ സമൂഹത്തിൽ ഭീതിപരത്താനാണ് ശ്രമമെന്നും ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമുദായം തിരിച്ചുള്ള വോട്ടർമാരുടെ കണക്ക് യോഗിക്കെവിടെ നിന്നുകിട്ടിയെന്ന് നേരത്തേ അഖിലേഷ് ചോദിച്ചിരുന്നു.
അതിനിടെ, മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെ, എസ്.ഐ.ആറിൽ നിന്നൊഴിവാക്കപ്പെട്ടവർക്ക് ഫോം ആറ് വഴി അപേക്ഷിക്കുന്നതിന് നിയമനടപടി ഭയക്കേണ്ടതില്ലെന്ന് യു.പി.യിലെ മുഖ്യ തിരഞ്ഞെടുപ്പു ഓഫീസർ പത്രക്കുറിപ്പിറക്കി.
Content Highlights: BJP targets adding at least 50 new voters per polling booth in Uttar Pradesh., Chief Minister Yogi Adityanath claimed 1.27 crore Hindu voters were dropped from the electoral rolls., Draft voter list to be published on the 17th, with BJP's special drive starting November 20., Akhilesh Yadav accused Yogi of spreading fear through communal voter statistics claims., Final voter list for Uttar Pradesh scheduled to be published on January 4.