വനിതാ മന്ത്രിയെ അധിക്ഷേപിച്ച കേസ്: ബിജെപി നേതാവ് സി.ടി. രവി അറസ്റ്റിൽ

ബെംഗളൂരു: കർണാടക നിയമനിർമാണ കൗൺസിലിൽവെച്ച് വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ സി.ടി. രവി അറസ്റ്റിൽ. വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ ഹിരെബാഗവാഡി പോലീസിൽ നൽകിയ പരാതിയിലാണ് നടപടി. ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറെപ്പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യസഭയിൽ നടത്തിയ പരാമർശത്തിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധമുയർത്തിയതിനിടെയുണ്ടായ വാഗ്വാദത്തിനിടെയാണ് രവി മന്ത്രിക്കുനേരേ അധിക്ഷേപ പരാമർശം നടത്തിയത്.
ബെലഗാവിലെ സുവർണ വിധാന്‍ സൗധയിൽനിന്ന് വ്യാഴാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത രവിയെ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ ഘാനാപുർ പോലീസ് സ്റ്റേഷനിലെത്തിച്ചു. ജനപ്രതിനിധികൾക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ അദ്ദേഹത്തെ ഹാജരാക്കും. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.
ബി.ജെ.പി പ്രവർത്തകർക്കൊപ്പം പ്രതിഷേധിക്കുന്നതിനിടെ ആയിരുന്നു സി.ടി. രവിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. രവിയെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ച് ബിജെപി എംഎൽസിമാർ പിന്നീട് സുവർണ വിധാന സൗധയിൽ പ്രതിഷേധ പ്രകടനവും നടത്തി. രവിയെ മർദിച്ചെന്നും ഇത് കോൺഗ്രസിന്റെ ഗുണ്ടാരീതിയാണെന്നും പ്രതിപക്ഷ നേതാവ് ആർ.ആശോക ആരോപിച്ചു.
അതിനിടെ, സി.ടി. രവിയുടെ ജന്മനാടായ ചിക്കമംഗളൂരുവിലെ വസതിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. വീട്ടിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ ബാരിക്കേഡുകൾ വെച്ചാണ് പോലീസ് തടഞ്ഞത്. ബെംഗളൂരുവിലും ബെലഗാവിലും പ്രതിഷേധങ്ങൾ നടന്നു. ആരോപണം സി.ടി രവി നിഷേധിച്ചെങ്കിലും വിഷയത്തില്‍ ഹെബ്ബാൾക്കർ ലജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന് പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: bjp leader CT Ravi Detained For Making Derogatory Remarks Against Woman Minister